കോഴിക്കോട്: കരിപ്പൂരിൽ വിദേശമദ്യവുമായി ഒരാൾ പിടിയിൽ. കരിപ്പൂർ വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പുറത്തെത്തിച്ച മദ്യമാണ് പൊലീസ് പിടികൂടിയത്. കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി അബ്ദുറഹിമാനാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഒരു ലിറ്റർ വീതമുള്ള 10 കുപ്പി മദ്യമാണ് ഇയാൾ പുറത്തേക്ക് കടത്താൻ ശ്രമിച്ചത്. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വിദേശയാത്ര കഴിഞ്ഞ് വരുന്നവർക്ക് മാത്രമാണ് മദ്യം നൽകാറുള്ളത്. എന്നാൽ അബ്‌ദുറഹ്മാൻ വിദേശത്ത് നിന്ന് വന്നയാളായിരുന്നില്ല. ഇയാൾ മദ്യം വാങ്ങാൻ മാത്രമായാണ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെത്തിയത്.
ഇവിടെ നിന്ന് 10 കുപ്പി മദ്യം വാങ്ങി പുറത്തേക്ക് വന്നപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വില കൂടിയ മദ്യമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. മദ്യം ഉയർന്ന വിലയ്ക്ക് പുറത്ത് വിൽക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രതിയെ ഇതിനുമുൻപും വിദേശ മദ്യവുമായി പൊലീസ് പിടികൂടിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ആഴ്ച പുനലൂരിൽ അനധികൃത വിൽപ്പനയ്ക്കായി കൈവശം വച്ചിരുന്ന പതിനാറ് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ പുനലൂർ എക്സൈസ് പിടികൂടി. സംഭവത്തിൽ അഞ്ചൽ, ഏറം സ്വദേശി ബിജുവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. അനധികൃത മദ്യ വില്പന നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് അഞ്ചൽ ഏറം ജംഗ്ഷനിലെ ബിജുവിന്റെ കടയിൽ നടത്തിയ പരിശോധനയിലാണ് 16 കുപ്പികളിൽ സൂക്ഷിച്ചിരുന്ന 8 ലിറ്റർ മദ്യം പിടികൂടിയത്.

