ഉപ്പും എണ്ണയും പഞ്ചസാരയും കുറയ്ക്കണം, മധുരം ആവശ്യമെങ്കിൽ ശർക്കര മതി; അങ്കണവാടി കുട്ടികളുടെ മെനുവിൽ സമഗ്ര പരിഷ്കരണം, പാചകക്കാർക്ക് പ്രത്യേക പരിശീലനം

0

തിരുവനന്തപുരം: അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനുവിൽ സമഗ്ര പരിഷ്കരണം. കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിൽ അധികം ഉപ്പും പഞ്ചസാരയും എണ്ണയും പാടില്ലെന്ന് വനിത-ശിശു വികസന വകുപ്പ് നിർദേശിച്ചു. മെനു പരിഷ്കരിച്ചതോടെ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഉപ്പും എണ്ണയും പരമാവധി കുറയ്ക്കണം. പഞ്ചസാര കഴിവതും ഒഴിവാക്കണം. മധുരം ആവശ്യമെങ്കിൽ ശർക്കര ഉപയോഗിക്കണം. അതും അഞ്ചുമുതൽ പത്തുവരെ ശതമാനം മാത്രം.

ഓരോ ഭക്ഷണവും ഉണ്ടാക്കാൻ പാചകക്കാർക്ക് പ്രത്യേക പരിശീലനം നൽകും. കോവളത്ത് ഈ മാസം അഞ്ചു മുതൽ ഏഴു വരെ സംസ്ഥാനതല പരിശീലനമാണ് ആദ്യം. ഏകീകൃത സ്വഭാവം വരുന്നതിനാണിത്. ആരോഗ്യകരമായ ഭക്ഷണമുണ്ടാക്കണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ട്. ഇതനുസരിച്ചാണു നടപടി.

പുതിയ മെനു അനുസരിച്ച് കുട്ടികൾക്ക് മുട്ട നൽകുന്നത് വിഭവങ്ങളിലൂടെയാകും. ആഴ്ചയിൽ മൂന്നു ദിവസം പാലും പുഴുങ്ങിയ മുട്ടയും നൽകുന്നുണ്ട്. പകരം മുട്ട ബിരിയാണി, മുട്ട പുലാവ്, ഓംലറ്റ് എന്നിങ്ങനെ വേണം. കൂടാതെ ന്യൂട്രി ലഡു, ഫ്രൂട്ട് കപ്പ് തുടങ്ങിയ ഏഴു വിഭവങ്ങളും പരിശീലനത്തിൽ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതല പരിശീലനത്തിൽ പങ്കെടുക്കുന്നവർ അതതു ജില്ലകളിൽ പഠിപ്പിക്കും. അങ്കണവാടി ജീവനക്കാരും വർക്കർമാരുമാണ് ഏറ്റവും താഴെത്തട്ടിൽ പരിശീലനം നേടുന്നവർ. പരിശീലനം പൂർത്തിയായ ശേഷം മെനു നടപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here