‘സഞ്ജു സാംസണിന് പകരമായി രവീന്ദ്ര ജഡേജയെയോ, റുതുരാജ് ഗെയ്‌ക്‌വാദിനെയോ നൽകണം’; രാജസ്ഥാൻ റോയൽസിന്റെ ആവശ്യം തള്ളി ചെന്നൈ സൂപ്പർകിങ്‌സ്‌

0

അടുത്ത സീസണിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തുടരില്ലെന്ന് റിപ്പോർട്ടുകൾ. സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് പോകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ, ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ എന്നിവരിൽ രണ്ട് പേരെ രാജസ്ഥാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ചേക്കേറുമെന്ന രീതിയിൽ നേരത്തെ വാർത്തയുണ്ടായിരുന്നു. ഒന്നുകിൽ വിൽക്കുകയോ അല്ലെങ്കിൽ റിലീസ് ചെയ്യുകയോ വേണമെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ സഞ്ജു മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു.

അതേസമയം ക്യാപ്റ്റൻ ഗെയ്ക്വാദിനെ നൽകാൻ തയ്യാറല്ലെന്ന് സിഎസ്‌കെ അറിയിച്ചെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിക്ക് ബസ്സാണ് ഇക്കാര്യങ്ങൾ പുറത്തുവിടുന്നത്. രാജസ്ഥാൻ ആവശ്യപ്പെട്ട മൂന്ന് താരങ്ങളും സിഎസ്‌കെയുടെ പ്രധാനപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ സീസണിൽ സിഎസ്‌കെ നിലനിർത്തിയ അഞ്ച് കളിക്കാരിൽ മൂന്ന് പേരാണ് ജഡേജയും ഗെയ്ക്‌വാദും ദുബെയും. 2021, 23 വർഷങ്ങളിൽ സിഎസ്‌കെ കിരീടം നേടിയപ്പോൾ ഗെയ്ക്‌വാദ് പ്രധാന താരമായിരുന്നു. 2023ൽ ദുബെയും ടീമിന്റെ അഭിവാജ്യ ഘടകമായി.

2012 മുതൽ സിഎസ്‌കെയിലെത്തിയ ജഡേജ അവരുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ്. മൂന്ന് കിരീടങ്ങളിൽ ടീമിന്റെ ഭാഗമാകാൻ ജഡേജക്ക് സാധിച്ചിട്ടുണ്ട്. രാജസ്ഥാനെ ഒരു സീസണിൽ ഫൈനലിൽ എത്തിക്കാൻ സാധിച്ച സഞ്ജുവാണ് അവരുടെ എക്കാലത്തെയും വലിയ റൺ ഗെറ്ററും ഏറ്റവും കൂടുതൽ ജയം നേടികൊടുത്ത നായകനും.

അതേസമയമ് ടീം റിലീസ് ചെയ്താൽ അടുത്ത മിനി ലേലത്തിൽ സഞ്ജുവിനെ മറ്റു ഫ്രാഞ്ചൈസികൾക്ക് സ്വന്തമാക്കാനാകും. പരിശീലകൻ രാഹുൽ ദ്രാവിഡ് എടുത്തുന്ന തീരുമാനങ്ങളിൽ സഞ്ജു അതൃപ്തനായിരുന്നതായി കഴിഞ്ഞ സീസണിൽ പ്രചാരണമുണ്ടായിരുന്നു. സഞ്ജുവിന്റെ അഭാവത്തിൽ റയാൽ പരാഗാണ് തുടക്കത്തിലെ മത്സരങ്ങളിൽ ടീമിനെ നയിച്ചത്. അതേസമയം, സഞ്ജുവിന് രാജസ്ഥാൻ റോയൽസ് വിടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. 2027 വരെ ടീമുമായി കറാറുള്ളതിനാൽ ഫ്രാഞ്ചൈസി റിലീസ് ചെയ്താൽ മാത്രമാകും മറ്റു ടീമിലേക്ക് ചേക്കേറാനാകുക.

എന്നാൽ ടീമിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന് താരം അറിയിച്ചാൽ മാനേജ്‌മെന്റ് താരത്തെ റിലീസ് ചെയ്യാനുള്ള സാധ്യതയാണ് കൂടുതൽ. ദീർഘകാലമായി രാജസ്ഥാനൊപ്പം തുടരുന്ന മലയാളി താരം മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസിനൊപ്പം പുറത്തെടുത്തത്. നിലവിൽ എംഎസ് ധോണിയുടെ പിൻഗാമിയെ തേടുന്ന ചെന്നൈയുടെ പ്രധാന ടാർഗെറ്റ് സഞ്ജുവായിരുന്നു. താരത്തെ ലഭിക്കാത്തപക്ഷം കെഎൽ രാഹുലിനായും മഞ്ഞപ്പട ശ്രമം ആരംഭിച്ചിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും അടുത്ത സീസണിനായി പുതിയ നായകനെ നേടുന്നുണ്ട്. പോയ സീസണിൽ 14 മാച്ചിൽ നാല് ജയം മാത്രം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here