കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിന്റെ ക്രെഡിറ്റ് വേണ്ടെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിന്റെ ക്രെഡിറ്റെടുക്കാൻ ചിലർ ശ്രമിച്ചെന്നും കാന്തപുരം പറഞ്ഞു. നിർബന്ധിത മതപരിവർത്തനം തങ്ങളുടെ പണിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് എസ്എസ്എഫ് സാഹിത്യോത്സവ വേദിയിൽ സംസാരിക്കവെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇക്കാര്യങ്ങൾ പറഞ്ഞത്.
ചിലർ ക്രെഡിറ്റ് എടുക്കാൻ ശ്രമിച്ചു. ഞങ്ങൾക്ക് അതിൽ ക്രെഡിറ്റ് വേണ്ട. അതൊക്കെ അവരെടുത്തോട്ടെ. കടമ മാത്രമാണ് നിർവഹിച്ചത്. – കാന്തപുരം പറഞ്ഞു. നിർബന്ധിച്ച് മതപരിവർത്തനം നടത്തുക തങ്ങളുടെ പണി അല്ലെന്നും കാന്തപുരം കൂട്ടിച്ചേർത്തു. ഒരു വ്യക്തി കൊല്ലപ്പെട്ടാൽ അതിൽ മാപ്പ് കൊടുക്കാനുള്ള അധികാരം കുടുംബങ്ങൾക്കുണ്ട്. ഒന്നും വാങ്ങാതെയും പണം വാങ്ങിയും മാപ്പ് കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരത്തിന്റെ ഓഫീസിൽനിന്ന് അടുത്തിടെ പ്രസ്താവന പുറത്തുവന്നിരുന്നു. എന്നാൽ ഇത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നുവെന്നാണ് കാന്തപുരം അവകാശപ്പെട്ടത്. വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകർപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അതേസമയം നിമിഷപ്രിയയുടെ വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടലൊ അവകാശവാദങ്ങളോ കേന്ദ്രസർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും വധശിക്ഷ ഉടൻ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തു തീർപ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും സലാലിന്റെ സഹോദരൻ മെഹദി കത്തിൽ പറഞ്ഞു. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്.
അതേസമയം, നിമിഷ പ്രിയയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. അത്തരം പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

