ഹമാസ് അംഗീകരിച്ച വെടിനിർത്തൽ നിർദ്ദേശം തള്ളി ഇസ്രയേൽ; ഗാസ പൂർണമായും കീഴടക്കാൻ സൈന്യം നീക്കം തുടങ്ങി; അരലക്ഷം റിസർവ് സൈനികരെ റിക്രൂട്ട് ചെയ്യാനും നീക്കം

0

ജറുസലേം: വെടിനിർത്തലിന് തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടും ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേൽ സൈന്യവും ഭരണകൂടവും നീക്കം നടത്തുന്നത്. ഗാസയെ പൂർണമായി കീഴടക്കുന്നതിന് മുന്നോടിയായി സൈന്യത്തിന്റെ അം​ഗബലം കൂട്ടാനൊരുങ്ങുകയാണ് ഇസ്രയേൽ. അമ്പതിനായിരം ആളുകളെ കൂടി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാനാണ് നീക്കം. ഇവരെ റിസർവ് സൈനികരായി നിലനിർത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഗാസയിൽ വെടിനിർത്താനും ബന്ദികളെ മോചിപ്പിക്കാനും തയാറെന്ന ഹമാസ് നിർദേശത്തിൽ ലോകം വലിയ പ്രതീക്ഷയിലായിരുന്നെങ്കിലും ഇസ്രായേൽ അത് തള്ളുകയായിരുന്നു. മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഒരു മാറ്റവും കൂടാതെ ഹമാസ് അംഗീകരിച്ചിരുന്നു. എന്നാൽ, വെടിനിർത്തില്ലെന്നും ഗാസയിൽ ആക്രമണം തുടരുമെന്നും ഇസ്രായേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇപ്പോൾ യുദ്ധം നിർത്തില്ലെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് സമ്മർദ്ദത്തിൽ ആണെന്നും ഗാസ പൂർണ്ണമായി പിടിക്കുമെന്നും നെതന്യാഹു പറയുന്നു.

​ഗാസ സിറ്റി പിടിച്ചെടുക്കാൻ സമ​ഗ്രമായ പദ്ധതികൾ ആസൂത്രണം ചെയ്താണ് ഇസ്രയേലിന്റെ നീക്കം. ഹമാസ് ഇപ്പോഴും സജീവമായി നിലനിൽക്കുന്ന മേഖലകളിൽ സൈനിക നടപടി കൂടുതൽ ശക്തമാക്കും. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലാണ് ഹമാസ് ഇപ്പോഴും സജീവമായുള്ളത്. അതുകൊണ്ട് തന്നെ ഇസ്രയേലിന് ഇത്തരം പ്രദേശങ്ങളിലെ സൈനിക നീക്കം വെല്ലുവിളി നിറഞ്ഞതാകും. അതേസമയം, ഗാസ കീഴടക്കലിനുള്ള മുന്നൊരുക്കം നിലവിൽ യുദ്ധഭൂമിയിലുള്ള ഇസ്രയേൽ സേന തുടങ്ങിക്കഴിഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here