തിരുവനന്തപുരം: കേരള സർവ്വകലാശാല രജിസ്ട്രാർ പദവിയിൽ തുടരാൻ മിനി കാപ്പനോട് വി സി നിർദ്ദേശം നൽകി. ചുമതല ഏറ്റെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി വിസിക്ക് കത്ത് നൽകി എന്ന വാർത്ത മിനി കാപ്പൻ തള്ളി. കെ എസ് അനിൽകുമാർ അയക്കുന്ന ഫയലുകൾ വി സി തീരുമാനമെടുക്കാതെ തിരിച്ചയക്കുകയാണ്. താൻ നിയോഗിച്ച താല്‍ക്കാലിക രജിസ്ട്രാര്‍ മിനി കാപ്പൻ അയച്ച ഫയലുകളിൽ വിസി ഒപ്പിടുകയും ചെയ്തു.
താൻ സസ്പെന്‍ഡ് ചെയ്ത രജിസ്ടാര്‍ കെ.എസ് അനിൽകുമാര്‍ അയക്കുന്ന ഫയലുകള്‍ തുറന്നു നോക്കാനില്ലെന്നാണ് വൈസ് ചാൻസിലറുടെ നിലപാട്. സസ്പെൻഷനിൽ ഉള്ള ആൾ എന്തിന് തനിക്ക് ഫയൽ അയക്കുന്നതെന്നാണ് ചോദ്യം. സിൻഡിക്കേറ്റ് യോഗം ഉടൻ ചേരേണ്ടതില്ല എന്നാണ് വിസിയുടെ തീരുമാനം.
പുതിയ കോഴ്സുകളിലേക്കുള്ള അഡ്മിഷനും, പരീക്ഷാനടത്തിപ്പും, സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത് ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങളാണ് ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങൾ കരണം താളം തെറ്റിയിരിക്കുന്നത്. സർവ്വകലാശാലയിൽ നിലനിൽക്കുന്ന ഈ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാൻ സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കും. വി സി യുടെ പരിശോധന ആവശ്യമില്ലാത്ത 150 ഫയലുകളിൽ കെ എസ് അനിൽകുമാറും ഇന്നലെ ഒപ്പിട്ടു.

