ഷാര്‍ജ: ഷാർജയിൽ കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനി അതുല്യ(30) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്. താൻ പുറത്തുപോയി വന്നപ്പോള്‍ അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും അതുല്യക്ക് ജോലിക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ പണവും ക്രൈഡിറ്റ് കാര്‍ഡും കൊടുത്തെന്നും വാഹനം ഏര്‍പ്പാടാക്കിയിരുന്നെന്നും സതീഷ് പറയുന്നു.
താൻ ഷുഗര്‍ രോഗിയാണ് അതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും ദിവസേന മദ്യപിക്കാറില്ല, വാരാന്ത്യത്തില്‍ മാത്രം മദ്യപിക്കുമെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അജ്മാനിലുള്ള സുഹൃത്ത് വിളിച്ചപ്പോള്‍ പുറത്ത് പോയതായിരുന്നു. പുറത്തുപോയപ്പോള്‍ അതുല്യ പല തവണ വിളിച്ചു. സാധാരണ ഇങ്ങനെ വിളിക്കാറുള്ളത് കാരണം കോൾ കട്ട് ചെയ്തു.
പിന്നീട് വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്യാന്‍ പോകുന്നെന്ന് അതുല്യ പറഞ്ഞു. ഉടന്‍ തന്നെ വീട്ടിലെത്തിയെന്നും ഫ്ലാറ്റിലെത്തിയപ്പോള്‍ ഡോര്‍ തുറക്കാവുന്ന നിലയിലായിരുന്നെന്നും അകത്ത് കയറി നോക്കിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടതെന്നും സതീഷ് പറഞ്ഞു. അതുല്യയുടെ കാല്‍ മടങ്ങിയ നിലയിലായിരുന്നു. ഉടന്‍ തന്നെ 999ല്‍ വിളിച്ചു. പിന്നീട് പൊലീസ് വന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു.
സ്ത്രീധനത്തിന്‍റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.
ഷാര്‍ജയില്‍ കൊല്ലം തേവലക്കര കോയിവിള സ്വദേശി അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്ത് പൊലീസ്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്.
സതീഷിന് വിവാഹ സമയത്ത് 48 പവന്‍ സ്വര്‍ണം നല്‍കിയെങ്കിലും വീണ്ടും സ്വര്‍ണം വേണമെന്നാവശ്യപ്പെട്ട് അതുല്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. 75000 രൂപ നല്‍കി 11 വര്‍ഷം മുമ്പ് ബൈക്ക് വാങ്ങി നല്‍കിയിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം കാറ് വേണമെന്ന് ആവശ്യപ്പെട്ട് പീഡനമുണ്ടായെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ അതുല്യ അറിയിച്ചിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. സതീഷ് വീട്ടിലിരുന്ന് മദ്യപിച്ച് മര്‍ദിക്കുന്നതിന്റെയും കത്തിയും കസേരയുമുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അടക്കം തെളിവായി നല്‍കിയാണ് കേസ് നല്‍കിയിരിക്കുന്നത്. സതീഷ് വിദേശത്തായതിനാല്‍ കേരളത്തിലെത്തിയ ഉടന്‍ കേസെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
അതെ സമയം, അതുല്യ സതീഷിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതുല്യയെ ഭർത്താവ് സതീഷ് ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അതുല്യ തന്റെ ഫോണിൽ റെക്കോർഡ് ചെയ്ത് തന്റെ സഹോദരിക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭർത്താവിന്റെ മർദ്ദനത്തിൽ യുവതിക്ക് പരിക്കേറ്റ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതുല്യയോട് ഭർത്താവ് മോശമായി പെരുമാറുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് സതീഷ്. അതുല്യയെ സതീഷ് ഉപദ്രവിക്കാൻ പോകുമ്പോൾ യുവതി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സതീഷ് അശ്ലീലം പറയുന്നതും മദ്യപിക്കുന്നതും അതുല്യയെ അടിക്കുന്നതുമെല്ലാം പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
‘‘എത്ര വിഡിയോ എടുത്താലും നിനക്ക് ബോറഡിക്കുന്നില്ലേ’’ എന്നു ചോദിക്കുന്നതും ‘‘ഓഫ് ചെയ്യടീ’’ എന്നാക്രോശിക്കുന്നതും വിഡിയോയിൽ കാണാം. കത്തിയുമായി സതീഷ് നിൽക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇതുപയോഗിച്ച് അതുല്യയെ ആക്രമിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.
വിഡിയോയ്‌ക്കൊപ്പം പുറത്തുവന്ന ദൃശ്യങ്ങളിൽ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുണ്ട്. വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ ചവറ പൊലീസിൽ പരാതി നൽകി. യുവതി സഹോദരിക്ക് അയച്ച വിഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ സതീഷ് അതുല്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് യുവതിയുടെ ബന്ധു രവീന്ദ്രൻ പിള്ള ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
സതീഷ് മദ്യപാനിയായിരുന്നെന്നാണ് രവീന്ദ്രൻ പിള്ള വ്യക്തമാക്കിയത്. ഇയാൾ നിരന്തരം അതുല്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും രവീന്ദ്രൻ പിള്ള പറഞ്ഞു. വിവാഹം കഴിഞ്ഞതിന് ശേഷമാണ് സതീഷിന്റെ മദ്യപാനത്തെ കുറിച്ച് യുവതിയുടെ കുടുംബം അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന മദ്യപാനം വലിയ രീതിയിലേക്ക് മാറിയപ്പോഴാണ് ഉപദ്രവം തുടങ്ങിയതെന്നും രവീന്ദ്രൻ പിള്ള വ്യക്തമാക്കുന്നു. സതീഷ് സ്വന്തം വീട്ടുകാരുമായും അടുപ്പത്തിലല്ലെന്നും രവീന്ദ്രൻ പിള്ള വ്യക്തമാക്കുന്നു.
രവീന്ദ്രൻപിള്ളയുടെ വാക്കുകൾ ഇങ്ങനെ:
‘‘ ശനിയാഴ്ച രാവിലെയാണ് ഷാർജയിൽ താമസിക്കുന്ന അതുല്യയുടെ സഹോദരി മരണത്തെ പറ്റി ഞങ്ങളെ അറിയിക്കുന്നത്. വിവാഹം കഴിച്ച കാലം മുതൽ അതുല്യയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിക്കലും സ്വസ്ഥത ഉണ്ടായിരുന്നില്ല. സതീഷ് മദ്യപാനിയായിരുന്നു. വിവാഹത്തിന് ശേഷമാണ് അത് ഞങ്ങൾ അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലായിരുന്നു മദ്യപാനം. എന്നാൽ പിന്നീട് എപ്പോഴും മദ്യപിക്കുന്നത് പതിവായി. പിന്നാലെയാണ് അവളെ മർദിക്കാൻ തുടങ്ങിയത്.
അതുല്യ വിദേശത്ത് എത്തിയതിന് പിന്നാലെ അവൾക്ക് ചില സ്ഥലങ്ങളിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ അതിനൊന്നും പോകാൻ സതീഷ് അവളെ അനുവദിച്ചിരുന്നില്ല. ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ആരും അവളെ നോക്കാനോ, അവൾ ആരോടും സംസാരിക്കാനോ ഒന്നും പാടില്ലായിരുന്നു. നേരത്തെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിന് പിന്നാലെ കോടതി വരെയൊക്കെ കേസ് എത്തിയിരുന്നു. എന്നാൽ പിന്നീട് അവർ തന്നെ സംസാരിച്ച് എല്ലാം ശരിയാക്കുകയായിരുന്നു. കുട്ടി ഉള്ളതുകൊണ്ട് എല്ലാം ശരിയാകുമെന്നാണ് കരുതിയത്’’.

