റെയിൽവേ ജീവനക്കാരിയെന്ന് വിശ്വസിപ്പിച്ചു, വ്യാജനിയമനക്കത്ത് നൽകി; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

0

തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് മണക്കാട് സ്വദേശികളിൽ നിന്ന് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം മുഖത്തല സ്വദേശി രേഷ്മ(23)യെയാണ് പേട്ട എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. മണക്കാട് സ്വദേശികളായ അനു ഇവരുടെ സഹോദരൻ അജിത്കുമാർ എന്നിവരാണ് തട്ടിപ്പിന് ഇരയായത്. 175000 രൂപ പവർഹൗസ് റോഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയും ബാക്കി തുക റെയിൽവേ ഡിവിഷണൽ ഓഫീസ് പരിസരത്തുവെച്ചുമാണ് വാങ്ങിയത്.

റെയിൽവേ ഡിവിഷണൽ ഓഫീസിൽ ക്ലാർക്കാണെന്നു വിശ്വസിപ്പിച്ചാണ്‌ യുവതി തട്ടിപ്പ് നടത്തിയത്. പണം കൈപ്പറ്റിയ ശേഷം യുവതി ഇവർക്ക് നൽകിയ വ്യാജ നിയമനകത്താണ് പ്രതിയെ കുരുക്കിയത്. റെയിൽവേയുടെ വ്യാജ സീലും ലെറ്റർ പാഡും ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ജോലിക്ക് എത്താനും നിർദേശം നൽകി. തുടർന്നിവർ ജോലിക്കെത്തിയപ്പോൾ അപ്പോയിന്റ്‌മെന്റ് ലെറ്റർ വ്യാജമാണെന്ന് റെയിൽവേ ജീവനക്കാർ അറിയിച്ചു. രേഷ്മയും ഈ സമയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉണ്ടായിരുന്നു. ഉടൻ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here