തൃശ്ശൂരിർ: അപകടകരമായി വാഹനത്തെ മറികടന്ന ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കായിരുന്നു നടുറോഡിൽ സാഹസിക പ്രകടനം. തൃശ്ശൂര്‍-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി ബസിലെ ഡ്രൈവര്‍ മിണാലൂര്‍ സജീവിന്റെ(33) ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ഉത്രാളിക്കാവ് ക്ഷേത്രത്തിനു മുന്‍വശത്ത് സംസ്ഥാനപാതയിലെ വളവില്‍ വെച്ചായിരുന്നു ബസ് അപകടകരമായി വാഹനത്തെ മറികടന്നത്.
ഉത്രാളിയിലെ വളവില്‍ വാഹനത്തെ മറികടന്നുവന്ന ബസിന്റെ മുന്‍പില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരി സാഹസികമായാണ് രക്ഷപ്പെട്ടത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ തെറ്റായ ദിശയില്‍ അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
ഇതിനു മുൻപും ഡ്രൈവറുടെ പേരിൽ പരാതി ലഭിച്ചിരുന്നു. അപകടകരമായാണ് സജീവ് ബസ് ഓടിക്കുന്നതെന്ന് പറഞ്ഞ് യാത്രക്കാരും രംഗത്തെത്തി. ഇയാളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെങ്കില്‍ റോഡുസുരക്ഷ സംബന്ധിച്ച വാഹനവകുപ്പിന്റെ നിയമങ്ങള്‍ പഠിച്ച് പരീക്ഷകൂടി പാസാകണമെന്നാണ് നിബന്ധന. വളവുകളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് കൂടുതല്‍ ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ജോയിന്റ് ആര്‍ടിഒ പറഞ്ഞു. ഇത്തരം സംഭവങ്ങൾ അവർത്തിക്കുന്നതിനാലാണ് നടപടി.

