അതുല്യ അനുഭവിച്ചത് ക്രൂരമായ പീഡനങ്ങൾ; വീഡിയോദൃശ്യങ്ങളും പുറത്ത്

0

കൊല്ലം: ഷാർജയിൽ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി യുവതിക്ക് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങൾ. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ് (30)നെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതുല്യയെ ഭർത്താവ് സതീഷ് ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അതുല്യ തന്റെ ഫോണിൽ റെക്കോർഡ് ചെയ്ത് തന്റെ സഹോദരിക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭർത്താവിന്റെ മർദ്ദനത്തിൽ യുവതിക്ക് പരിക്കേറ്റ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതുല്യയോട് ഭർത്താവ് മോശമായി പെരുമാറുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് സതീഷ്. അതുല്യയെ സതീഷ് ഉപദ്രവിക്കാൻ പോകുമ്പോൾ യുവതി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സതീഷ് അശ്ലീലം പറയുന്നതും മദ്യപിക്കുന്നതും അതുല്യയെ അടിക്കുന്നതുമെല്ലാം പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

‘‘എത്ര വിഡിയോ എടുത്താലും നിനക്ക് ബോറഡിക്കുന്നില്ലേ’’ എന്നു ചോദിക്കുന്നതും ‘‘ഓഫ് ചെയ്യടീ’’ എന്നാക്രോശിക്കുന്നതും വിഡിയോയിൽ കാണാം. കത്തിയുമായി സതീഷ് നിൽക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇതുപയോഗിച്ച് അതുല്യയെ ആക്രമിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.

വിഡിയോയ്‌ക്കൊപ്പം പുറത്തുവന്ന ദൃശ്യങ്ങളിൽ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുണ്ട്. വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ ചവറ പൊലീസിൽ പരാതി നൽകി. യുവതി സഹോദരിക്ക് അയച്ച വിഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ സതീഷ് അതുല്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് യുവതിയുടെ ബന്ധു രവീന്ദ്രൻ പിള്ള ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

സതീഷ് മദ്യപാനിയായിരുന്നെന്നാണ് രവീന്ദ്രൻ പിള്ള വ്യക്തമാക്കിയത്. ഇയാൾ നിരന്തരം അതുല്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും രവീന്ദ്രൻ പിള്ള പറഞ്ഞു. വിവാഹം കഴിഞ്ഞതിന് ശേഷമാണ് സതീഷിന്റെ മദ്യപാനത്തെ കുറിച്ച് യുവതിയുടെ കുടുംബം അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന മദ്യപാനം വലിയ രീതിയിലേക്ക് മാറിയപ്പോഴാണ് ഉപദ്രവം തുടങ്ങിയതെന്നും രവീന്ദ്രൻ പിള്ള വ്യക്തമാക്കുന്നു. സതീഷ് സ്വന്തം വീട്ടുകാരുമായും അടുപ്പത്തിലല്ലെന്നും രവീന്ദ്രൻ പിള്ള വ്യക്തമാക്കുന്നു.

രവീന്ദ്രൻപിള്ളയുടെ വാക്കുകൾ ഇങ്ങനെ:

‘‘ ശനിയാഴ്ച രാവിലെയാണ് ഷാർജയിൽ താമസിക്കുന്ന അതുല്യയുടെ സഹോദരി മരണത്തെ പറ്റി ഞങ്ങളെ അറിയിക്കുന്നത്. വിവാഹം കഴിച്ച കാലം മുതൽ അതുല്യയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിക്കലും സ്വസ്ഥത ഉണ്ടായിരുന്നില്ല. സതീഷ് മദ്യപാനിയായിരുന്നു. വിവാഹത്തിന് ശേഷമാണ് അത് ഞങ്ങൾ അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലായിരുന്നു മദ്യപാനം. എന്നാൽ പിന്നീട് എപ്പോഴും മദ്യപിക്കുന്നത് പതിവായി. പിന്നാലെയാണ് അവളെ മർദിക്കാൻ തുടങ്ങിയത്.

അതുല്യ വിദേശത്ത് എത്തിയതിന് പിന്നാലെ അവൾക്ക് ചില സ്ഥലങ്ങളിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ അതിനൊന്നും പോകാൻ സതീഷ് അവളെ അനുവദിച്ചിരുന്നില്ല. ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ആരും അവളെ നോക്കാനോ, അവൾ ആരോടും സംസാരിക്കാനോ ഒന്നും പാടില്ലായിരുന്നു.

നേരത്തെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിന് പിന്നാലെ കോടതി വരെയൊക്കെ കേസ് എത്തിയിരുന്നു. എന്നാൽ പിന്നീട് അവർ തന്നെ സംസാരിച്ച് എല്ലാം ശരിയാക്കുകയായിരുന്നു. കുട്ടി ഉള്ളതുകൊണ്ട് എല്ലാം ശരിയാകുമെന്നാണ് കരുതിയത്’’.

LEAVE A REPLY

Please enter your comment!
Please enter your name here