ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശ യാത്രകളുടെ ചിലവുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക്ക് ഓ ബ്രെയിനിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ് ആണ് കണക്കുകൾ പുറത്തുവിട്ടത്. അഞ്ച് വർഷം നടത്തിയ യാത്രകൾക്ക് 350 കോടിയിലേറെ രൂപ ചിലവായെന്നാണ് കണക്കുകൾ.
2021 മുതൽ 2025 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി ചെയ്ത യാത്രകൾക്ക് ചിലവായ തുക 362 കോടി രൂപയാണ്. ഇതിൽ 2025ൽ മാത്രം 67 കോടി രൂപയാണ് ഇതുവരെ ചിലവായത്. പ്രധാനമന്ത്രിയുടെ ഫ്രാൻസ് യാത്രയായിരുന്നു ഈ വർഷത്തെ ഏറ്റവും ചിലവേറിയ യാത്ര. 25 കോടി രൂപ. 16 കോടി ചിലവായ യുഎസിലേക്കുള്ള യാത്രയാണ് രണ്ടാമത്.
2024ൽ പ്രധാനമന്ത്രി 16 രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ആകെ ചിലവായ തുക 109 കോടി രൂപയാണ്. 2023ൽ 93 കോടി രൂപയും 2022, 2021 എന്നീ വർഷങ്ങളിൽ യഥാക്രമം 55.82 കോടി, 36 കോടി എന്നിങ്ങനെയാണ്. 2023ലെ യുഎസ് യാത്രയ്ക്ക് 22 കോടി രൂപയാണ് ചിലവായത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് പൊതുചടങ്ങുകള്‍, അതില്‍ പങ്കെടുത്തവരുടെ എണ്ണം, പരസ്യങ്ങള്‍ക്കും പ്രചാരണത്തിനും ചെലവായ തുക എന്നിവയെ കുറിച്ചുള്ള വിശദമായ കണക്ക് പട്ടിക രൂപത്തില്‍ പങ്കുവച്ചിട്ടുണ്ട്.

