കണ്ണൂര്‍: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച വയലപ്ര സ്വദേശിനി എം.വി.റീമ (30) യുടെ ഭർത്താവ് കുഞ്ഞിനെ വേണമെന്നാവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത്. മകനോടൊപ്പം റീമ പുഴയിൽ ചാടി മരിക്കുന്നതിന്റെ തൊട്ട് തലേദിവസത്തെ ഫോൺ സംഭാഷണം ആണ് പുറത്ത് വന്നിട്ടുള്ളത്. ഇതിൽ പ്രശ്‍നങ്ങൾക്കെല്ലാം കാരണം കമൽരാജിന്റെ അമ്മയാണെന്ന് റീമ പറയുന്നുണ്ട്. ‘’അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ല. വൃത്തികെട്ട സ്ത്രീയാണ് അവർ. കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യും. പരസ്പര ധാരണയോടെ പിരിയാമെന്നാണ് റീമ പറയുന്നത്.” കുഞ്ഞിനെ കിട്ടാൻ കമൽരാജ് വാശിപിടിക്കുന്നതും പുറത്ത് വന്ന സംഭാഷണത്തിൽ വ്യക്തമാണ്.
അതേസമയം റീമയുടെ ആത്മഹത്യാകുറിപ്പടക്കം പുറത്ത് വന്നിരുന്നു. തന്റെയും മകന്റെയും മരണത്തിന് ഉത്തരവാദികൾ ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്നാണ് കുറിപ്പിൽ പറയുന്നത്. അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് തന്നെയും മകനെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതായും കുറിപ്പിൽ പറയുന്നുണ്ട്. ഭർത്താവിന്റെ അമ്മ നിരന്തരം തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നും റീമയുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ല. ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്. റീമയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്നലെ നടന്നിരുന്നു. കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിലാണ് റീമയും കുഞ്ഞും ചാടിമരിച്ചത്. റീമയുടെ മകനായ രണ്ടര വയസ്സുകാരൻ കൃശിവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.
അതേസമയം, മകൾ ആത്മഹത്യ കുറിപ്പിൽ എഴുതിയ കാര്യങ്ങളെല്ലാം സത്യമാണെന്ന് റീമയുടെ അച്ഛൻ മോഹനൻ പറഞ്ഞു. റീമയുടെ ഭർത്താവും അമ്മയും മകളെ വിവാഹത്തിന് ശേഷം നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായും. അമ്മയുടെ വാക്ക് കേട്ടാണ് കമൽരാജ് എല്ലാം ചെയ്യുന്നതെന്നും. ഭർത്താവിന്റെ അമ്മയുടെ നിർദേശപ്രകാരമാണ് മകളെയും മൂന്ന് വയസുകാരനായ കുഞ്ഞിനെയും കമൽരാജ് വീട്ടിൽ നിന്നും ഇറക്കി വിട്ടതെന്നും റീമയുടെ പിതാവ് പറയുന്നു.
കമൽരാജ് ഗൾഫിൽ നിന്ന് തിരികെ വന്നതിന് ശേഷം കുഞ്ഞിനെ തിരികെ ചോദിച്ച് വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് മകൾ കടുംകൈ ചെയ്തത് മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. കമൽരാജിന്റെ വീട്ടിൽ റീമയ്ക്ക് ഒരു സ്ഥാനവും നൽകിയിരുന്നില്ലെന്ന് മാത്രമല്ല അവൾ പറയുന്നത് കേൾക്കാൻ പോലും ഭർത്താവ് തയ്യാറായിരുന്നില്ലെന്നും മോഹനൻ പറഞ്ഞു.
ശനിയാഴ്ച്ച രാത്രി 12.45 ഓടെയായിരുന്നു വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളിൽ നിന്നും മകനൊപ്പം റീമ പുഴയിലേക്ക് ചാടിയത്. രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഞായറാഴ്ച രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് റീമയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയതും പുഴയിലേക്ക് ചാടിയതും. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.

