മുംബൈ: പിൻവലിച്ച രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക്. ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും രണ്ടായിരത്തിന്റെ 6,099 കോടി രൂപ പ്രചാരത്തിലുണ്ടെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. ഈ നോട്ടുകൾ രാജ്യത്തെ 19 ആർബിഐ ശാഖകളിൽ നൽകി മാറ്റിവാങ്ങാനാകുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.
2023 മെയ് 19 നാണ് രണ്ടായിരം രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. 2023 മെയ് 19 ന് വ്യാപാരം അവസാനിച്ചപ്പോൾ 3.56 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. 2025 ജൂൺ 30 ന് വ്യാപാരം അവസാനിച്ചപ്പോൾ അത് 6,099 കോടി രൂപയായി കുറഞ്ഞു. പിൻവലിച്ചെങ്കിലും രണ്ടായിരം രൂപ നോട്ടുകൾ ഇപ്പോഴും നിയമാനുസൃതമായി തുടരുകയാണ്.
2000 നോട്ടുകൾ കൈവശം വച്ചിരിക്കുന്ന പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും 2023 സെപ്‌റ്റംബർ 30-നകം അവ മാറ്റിനൽകുകയോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടിരുന്നു. സമയപരിധി പിന്നീട് ഒക്ടോബർ 7 വരെ നീട്ടി. ബാങ്ക് ശാഖകളിലെ നിക്ഷേപവും വിനിമയ സേവനങ്ങളും ഒക്ടോബർ 7ന് അവസാനിപ്പിച്ചു. എന്നാൽ ഒക്‌ടോബർ 9 മുതൽ, ആർബിഐയുടെ 19 ശാഖകളിൽ കറൻസി കൈമാറ്റം ചെയ്യാനോ തത്തുല്യമായ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനോ ഉള്ള സൗകര്യം വ്യക്തികൾക്ക് നൽകിയിട്ടുണ്ട്.

