തൊടുപുഴ: വെളിച്ചെണ്ണയിലെ വ്യാജനെ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. ജില്ലയിൽ 61 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 3 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. എണ്ണയുടെ ഗുണനിലവാരം ഉറപ്പാക്കാനും മായം ചേർത്ത എണ്ണയുടെ വിൽപന തടയാനും പരിശോധന ശക്തമാക്കി. ഏഴ് സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ഏഴ് സർവൈലൻസ് സാമ്പിളുകളും തുടർ പരിശോധനകൾക്കായി ശേഖരിച്ചു. ഓപ്പറേഷൻ നാളികേരയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.
ഇവ കാക്കനാട്ടെ റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചതായി അധികൃതർ പറഞ്ഞു. വെളിച്ചെണ്ണ നിർമാണ യൂണിറ്റുകൾ, റീ പാക്കിങ് യൂണിറ്റുകൾ, മൊത്ത-ചില്ലറ വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്പെഷൽ ഡ്രൈവായ ‘ഓപ്പറേഷൻ നാളികേര’യുടെ ഭാഗമായി പരിശോധന നടത്തിയതായി ഇടുക്കി അസി.ഫുഡ് സേഫ്റ്റി കമ്മിഷണർ ബൈജു പി.ജോസഫ് പറഞ്ഞു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
വെളിച്ചെണ്ണ വില കുത്തനെ ഉയർന്നതിനാൽ മായം ചേർക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. കേരളത്തിലാണ് ഏറ്റവും കൂടുതൽ വ്യാജൻ പിടിമുറുക്കിയിട്ടുള്ളത്. ബ്രാൻഡുകളുടെ ഉൾപ്പെടെ പേരുപയോഗിച്ച് നിരവധി വ്യാജൻമാർ വിപണിയിലുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. വാസനയും നിറവും ലഭിക്കുന്നതിന് വെളിച്ചെണ്ണയിൽ പാം ഓയിൽ, സൺഫ്ളവർ ഓയിൽ എന്നിവ ചേർക്കുന്നുവെന്നും പറയുന്നു.
ആരോഗ്യത്തിന് ഹാനികരമായ പാംകേർണൽ ഓയിൽ, പാരഫീൻ ഓയിൽ എന്നിവയും വ്യാപകമായി ചേർക്കുന്നുണ്ട്. അമിത ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വെളിച്ചെണ്ണയിൽ വില കുറഞ്ഞ എണ്ണകൾ കലർത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഓണക്കാലമാകുന്നതോടെ വെളിച്ചെണ്ണക്ക് ഡിമാൻഡ് കൂടും. വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
അതേസമയം ലിറ്ററിന് 525ന് മുകളിലെത്തി നിൽക്കുന്ന വെളിച്ചെണ്ണ കുടുംബ ബജറ്റുകൾ താളം തെറ്റിക്കുമെന്ന ആശങ്കയിലാണ് വീട്ടമ്മമാർ. തീ വില കാരണം പലരും സൺഫ്ലവർ ഓയിലിലേക്ക് തിരിഞ്ഞു. അതേസമയം സപ്ലൈകോയുടെ 1600ൽപരം വിൽപനകേന്ദ്രങ്ങളിൽ കച്ചവടം പൊടിപൊടിക്കുകയാണ്. കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്ത്താൻ വിപണിയിൽ ഇടപെടൽ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനിൽ പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

