സ്കൂളിലെ പാചകപ്പുരയിലെ വാട്ടർ ടാങ്കിൽ മനുഷ്യവിസർജ്ജ്യം കലർത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

0

ചെന്നൈ: സ്കൂളിലെ പാചകപ്പുരയിലെ വെള്ളത്തിൽ സാമൂഹിക വിരുദ്ധർ മനുഷ്യ വിസർജ്യം കലർത്തി. തമിഴ്നാട്ടിലെ തിരുവാരൂരിലാണ് സംഭവം. കുടിവെള്ളത്തിനും പാചകത്തിനുമായി ഉപയോ​ഗിക്കുന്ന വെള്ളം ശേഖരിക്കുന്ന ടാങ്കിലാണ് അക്രമികൾ മാലിന്യം കലർത്തിയത്. ചെന്നൈയിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ അകലെ തിരുവാരൂരിനടുത്തുള്ള കരിയകുടി ഗ്രാമത്തിലെ സ്കൂളിലാണ് നടുക്കുന്ന സംഭവമുണ്ടായത്.

സർക്കാർ പ്രൈമറി സ്കൂളിലെ കുടിവെള്ള ടാങ്കിൽ മനുഷ്യ വിസർജ്ജ്യം കണ്ടെത്തിയതായി ആരോപിക്കപ്പെടുന്നു. 30 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലേക്ക് രാത്രി വൈകി അജ്ഞാതരായ ആളുകൾ അതിക്രമിച്ചു കയറി. അക്രമികൾ വെള്ളം മനഃപൂർവ്വം മലിനമാക്കുകയും സ്കൂളിന്റെ അടുക്കള നശിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ സ്കൂൾ അധികൃതർ നൽകിയ പരാതി പ്രകാരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മദ്യപിച്ച് ലക്കുകെട്ട മൂന്നുപേർ സ്കൂൾ പരിസരത്തേക്ക് അതിക്രമിച്ച് കടന്നാണ് ഇത്തരത്തിൽ ദ്രോഹം ചെയ്തതെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ ഊർജിതമായി അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ വെറുതേ വിടില്ലെന്നും പൊലീസ് വ്യക്തമാക്കി.

2022 ഡിസംബറിൽ വെങ്കൈവയലിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പുതുക്കോട്ടൈ ജില്ലയിലെ വെങ്കൈവയൽ ഗ്രാമത്തിൽ പട്ടികജാതിക്കാർ കൂടുതലായി താമസിക്കുന്ന ഭാഗത്തെ കുടിവെള്ള ടാങ്കിലാണ് അന്ന് സമൂഹിക വിരുദ്ധർ മനുഷ്യ വിസർജ്യം കലർത്തിയത്. ടാങ്ക് പരിശോധിക്കാനെത്തിയ യുവാക്കളാണ് വിസർജ്യം കിടക്കുന്നത് കണ്ടതും ചിത്രം പകർത്തി പൊലീസിൽ പരാതി നൽകിയതും. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയതായി സിബിസിഐഡി ജനുവരി 24ന് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡൻറിൻറെ ഭർത്താവിനോടുള്ള വൈരാഗ്യത്തെ തുടർന്ന് മൂന്നുപേർ ചേർന്നാണ് ഈ അക്രമം നടത്തിയതെന്നായിരുന്നു സിബിസിഐഡിയുടെ കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here