ചാരവൃത്തി കേസിലെ പ്രതി ജ്യോതി മൽഹോത്ര കേരളം സന്ദർശിച്ചത് ദേശീയതലത്തിൽ ചർച്ചയാക്കാൻ ബിജെപി. ജ്യോതിയുടെ സന്ദർശനം അപ്രതീക്ഷിതമായിരുന്നില്ലെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
ചാരവൃത്തി നടത്തിയ ഒരാളെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രാജ്യവിരുദ്ധ ശക്തികൾക്ക് തണലൊരുക്കുന്ന രീതിയാണ് കേരള സർക്കാരിന്റെത്. ഇത് കൂടുതൽ അപകടകരമാണെന്നും പ്രകാശ് ജാവ്ദേക്കർ ട്വന്റി ഫോറിനോട് പറഞ്ഞു.
2025 ജനുവരിയിലാണ് ജ്യോതി മൽഹോത്ര ടൂറിസം വകുപ്പിന്റെ ‘എന്റെ കേരളം എന്നും സുന്ദരം’ ഫെസ്റ്റിവൽ ക്യാമ്പയിനിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തുന്നത്. മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാടിനെ പുനരുജ്ജീവിപ്പിക്കാനായി സംസ്ഥാനത്തെ ടൂറിസംവകുപ്പ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സിനെ ഉൾപ്പെടുത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
കേരളത്തിൽ എത്തിയ ജ്യോതി തന്ത്രപ്രധാനമായ ഇടങ്ങൾ സന്ദർശിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. 41 വ്ലോഗർമാരെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നത്. ദൃശ്യങ്ങൾ പകർത്താൻ ഉള്ള സൗകര്യം, വേതനം, ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ ഒരുക്കി. സ്വകാര്യ ഏജൻസിക്ക് ഇതിനുള്ള കരാറും സർക്കാർ നൽകിയെന്നാണ് വിവരാവകാശ രേഖയിൽ മറുപടിയായി പറയുന്നത്.
ചാരവൃത്തിക്കേസുമായി കേസുമായി ബന്ധപ്പെട്ട് ജോതിമൽഹോത്രയുടെ സന്ദർശന വിവരങ്ങൾ അന്വേഷണ ഏജൻസികൾ ശേഖരിച്ചെങ്കിലും ഒന്നും പുറത്തുവിട്ടിരുന്നില്ല. അന്വേഷണം നടക്കുന്നതിന് ഇടയിലാണോ ജ്യോതി മത്ഹോത്ര കേരളത്തിൽ എത്തുന്നത് എന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കിയിട്ടില്ല. ചാര പ്രവർത്തി ചെയ്യുന്നവരെ ബോധപൂർവ്വം കൊണ്ടുവന്നുവെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നാണ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം

