ന്യൂഡൽഹി: ജമ്മു കശ്മീരിനെ ഇന്ത്യയ്ക്കും പാകിസ്ഥാനുമായി വിഭജിക്കാനായി ചർച്ചകൾ നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. വാജ്പേയി–നവാസ് ഷരീഫ് സർക്കാരുകൾ ഇതുസംബന്ധിച്ച് പിൻവാതിൽ ചർച്ചകൾ നടത്തിയെന്നാണ് വെളിപ്പെടുത്തൽ. അഭിഷേക് ചൗധരിയുടെ ‘ബിലീവേഴ്സ് ഡിലെമ: വാജ്പേയി ആൻഡ് ദ് ഹിന്ദു റൈറ്റ്സ് പാത്ത് ടു പവർ’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കാർഗിൽ യുദ്ധത്തിന് ആഴ്ചകൾക്കു മുൻപാണ് ഇത്തരമൊരു ചർച്ച നടന്നതെന്നും പുസ്തകത്തിൽ വ്യതക്തമാക്കുന്നു.
വാജ്പേയിയുടെ പാകിസ്ഥാൻ സന്ദർശനത്തിനു ശേഷമാണ് കശ്മീരിനെ വിഭജിക്കാനുള്ള ചർച്ചകൾ നടന്നത് എന്നാണ് പുസ്തകത്തിൽ പറയുന്നത്. ‘ചെനാബ് ഫോർമുല’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നതെന്നാണ് ചൗധരി പറയുന്നത്. ഡൽഹിയിലെ ഹോട്ടലിൽ അഞ്ചു ദിവസമാണ് ഇതിനെ കുറിച്ചുള്ള ചർച്ച നടന്നത്. പാകിസ്ഥാനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ മുൻ ഹൈക്കമ്മിഷണർ നിയാസ് നായിക്കും ഇന്ത്യയ്ക്കായി ആർ.കെ.മിശ്രയുമാണ് ചർച്ച നടത്തിയത്. സാമുദായികാടിസ്ഥാനത്തിൽ വിഭജിക്കാനായിരുന്നു ശ്രമമെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു.
ചെനാബ് നദിക്കു പടിഞ്ഞാറുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ പാകിസ്ഥാനും കിഴക്കുള്ള ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ഇന്ത്യയ്ക്കും കൈമാറാനാണു പദ്ധതി തയാറാക്കിയത്. എന്നാൽ ഡൽഹിയിൽ ചർച്ചകൾ നടക്കുമ്പോൾ അതിർത്തിയിൽ പാകിസ്ഥാൻ പ്രശ്നങ്ങൾ ഉണ്ടാക്കിത്തുടങ്ങിയതോടെ പദ്ധതി തകിടംമറിഞ്ഞെന്നും പുസ്തകത്തിൽ അഭിഷേക് ചൗധരി പറയുന്നു.

