മലപ്പുറം: മലപ്പുറം അരീക്കോട് കളപ്പാറയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണ് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനായി ലേബർ കമ്മീഷണർക്ക് ചുമതല നൽകിയിട്ടുണ്ട്. എത്രയും വേഗം തന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. തൊഴിലാളികളുടെ മൃതദേഹം അവരുടെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികളാണ് മരണപ്പെട്ടത്. വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ചവരിൽ രണ്ടുപേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്. മാലിന്യ പ്ലാന്റ് വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആൾക്ക് ശ്വാസതടസം നേരിട്ട് പ്ലാന്റിനുള്ളിൽ ബോധരഹിതനായി വീണു. ഇതോടെ രക്ഷിക്കാനായി മറ്റുരണ്ടുപേർ ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പാഞ്ഞു. ഇവരുടെ മൃതശരീരങ്ങൾ നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

