തിരുവനന്തപുരം: ചാരവൃത്തിക്ക് അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ യുവതി കേരളത്തിലെത്തിയത് സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് റിപ്പോർട്ട്. പാകിസ്ഥനു വേണ്ടി ചാരവൃത്തിനടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനമാണ് സംസ്ഥാന സർക്കാരിന് തലവേദനയാകുന്നത്. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവരാവകാശ രേഖകളിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
സാമൂഹിക മാധ്യമ ഇൻഫ്ളുവൻസേഴ്സിനെ ഉപയോഗിച്ച് ടൂറിസം വകുപ്പ് പ്രമോഷൻ ക്യാമ്പയിൻ നടത്തിയിരുന്നു. ഇത്തരത്തിൽ ടൂറിസം വകുപ്പ് ഉപയോഗിച്ച സോഷ്യൽമീഡിയ താരങ്ങളുടെ പട്ടികയിൽ ജ്യോതി മൽഹോത്രയും ഉണ്ട്. 2024 ജനുവരി മുതൽ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷൻ നടത്തിയ വ്ളോഗർമാരുടെ പട്ടികയാണ് പുറത്തുവന്നത്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിൽ ജ്യോതി മൽഹോത്ര യാത്ര ചെയ്തത് ടൂറിസം വകുപ്പിന്റെ ചെലവിലാണത്രെ.
മുപ്പത്തിമൂന്നുകാരിയായ ജ്യോതി മൽഹോത്ര പലതവണ പാകിസ്താൻ സന്ദർശിച്ചതായി തെളിഞ്ഞിരുന്നു. പാകിസ്താനിലെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധംപുലർത്തിയതായും വിവരം ലഭിച്ചിരുന്നു. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരുമായും ജ്യോതി ബന്ധം പുലർത്തിയിരുന്നു. ഇതേത്തുടർന്ന് ഈ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കുകയും ചെയ്തിരുന്നു.

