നിശബ്ദ പ്രചാരണം യുഡിഎഫ് വര്‍ഗീയമായി ഉപയോഗിക്കുന്നു; എ വിജയരാഘവന്‍

0

നിശബ്ദ പ്രചാരണം വര്‍ഗീയമായി യുഡിഎഫ് ഉപയോഗിക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍. വിഷയങ്ങളെ രാഷ്ട്രീയ ഇതരമാക്കുക, വര്‍ഗീയവത്കരിക്കുക എന്നത് സ്ഥിരം യുഡിഎഫ് പദ്ധതിയാണെന്നും അദ്ദേഹം ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയോടുള്ള സഹകരണത്തെ കുറിച്ചും എടുത്തു പറഞ്ഞു. ആ സംഘടനയ്ക്ക് പ്രത്യേകം പരിശീലിപ്പിച്ച ഇത്തരം പ്രവര്‍ത്തനം നടത്തുന്ന ആളുകളുണ്ട്. അവരെക്കൂടി യുഡിഎഫ് സ്‌കൂളിലേക്ക് കൂട്ടിച്ചേര്‍ത്ത് അവസാന സമയത്ത് പൂര്‍ണമായി വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയാണ്. യുഡിഎഫ് രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്ത പ്രചാരണ രീതിയാണ് ഈ ഘട്ടത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് – അദ്ദേഹം വിശദമാക്കി.

അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ വീട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് സന്ദര്‍ശനം നടത്താതിരുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വോട്ടര്‍മാരെ സംബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തന്നെ പല നിലപാടുകളും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മളെല്ലാം പ്രതീക്ഷിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥി നമ്മുടെ ജില്ലയിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന അന്തരിച്ച വിവി പ്രകാശന്റെ വീട്ടില്‍ പോകുമെന്നായിരുന്നു. സ്ഥാനാര്‍ഥികള്‍ക്കുണ്ടാകുന്ന തിരക്കിന്റെ ഭാഗമായി പോകാന്‍ പറ്റാതെ വരാം. ആ തിരക്ക് അവസാനിച്ച ദിവസമാണല്ലോ ഇന്ന്. എല്ലാ തിരക്കും തീര്‍ന്നു. നിശബ്ദ പ്രവര്‍ത്തനമൊക്കെ ബൂത്ത് തലത്തിലാണ് നടക്കുക. ആരെങ്കിലും ഒഴിവായിട്ടുണ്ടെങ്കില്‍ അവരെ പോയി കാണുക എന്നതാണ്. ഇപ്പോഴും യുഡിഎഫ് സ്ഥാനാര്‍ഥി അവിടെ പോയിട്ടില്ലെന്നതാണ് നമ്മളെയെല്ലാം അത്ഭുതപ്പെടുത്തുന്നൊരു കാര്യം – അദ്ദേഹം വ്യക്തമാക്കി.

സ്വരാജ് വിജയം ഉറപ്പാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പ്രാദേശിക തലത്തില്‍ നിന്നും കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വരാജ് നിലമ്പൂരിലെ ജനങ്ങളോട് നീതി പുലര്‍ത്തും. നിലമ്പൂര്‍ മതേതര ഭൂമി ആണ്. നിലമ്പൂര്‍ വിധി മതേതരത്വം സംരക്ഷിക്കുന്നതാകും. യുഡിഎഫ് ജമാഅത്തെ് ഇസ്ലാമിയുമായി സന്ധി ചെയ്ത് മതേതരത്വം തകര്‍ക്കുന്നു. ജമാഅത്തെ ബന്ധത്തെ ന്യായീകരിക്കുകയാണ് പ്രതിപക്ഷ നേതാവ്. കോണ്‍ഗ്രസ് പൈതൃകം മറന്നാണ് ജമാഅത്തെ് കൂട്ടുകെട്ട് – അദ്ദേഹം പറഞ്ഞു.

അന്‍വറിനെ ഉപയോഗിച്ച് കേരളത്തിലെ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിപക്ഷം നിരാശരായെന്നും അദ്ദേഹം പറഞ്ഞു. ആഘോഷിച്ചവര്‍ ഇപ്പോള്‍ അന്‍വറിനെ മൂലയിലാക്കിയെന്നും പരിഹാസം.

LEAVE A REPLY

Please enter your comment!
Please enter your name here