ഹരിപ്പാട്: മുൻവർഷങ്ങളിലെ പോലെ ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇത്തവണ ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കില്ല. ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ അഡിമിഷന് പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് മുൻവർഷങ്ങളിൽ ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
ഇക്കാര്യം സംബന്ധിച്ച് ‘മാതൃഭൂമി’ ബുധനാഴ്ച വാർത്ത നൽകിയിരുന്നു. അടുത്തദിവസം തന്നെ ഡിജി ലോക്കറിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് അറിയുന്നു.
ആദ്യ അലോട്‌മെന്റ് പ്രവേശനം ഇന്നുകൂടി
ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ആദ്യ അലോട്‌മെന്റിൽ ഉൾപ്പെട്ടവർക്ക് വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം. ആദ്യ ഓപ്ഷനിൽത്തന്നെ അലോട്‌മെന്റ് ലഭിച്ചവർ ഫീസും ബന്ധപ്പെട്ടരേഖകളും ഹാജരാക്കി സ്ഥിരംപ്രവേശനം നേടണം. അല്ലാത്തവർക്ക് ഫീസടയ്ക്കാതെ താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. സമയപരിധിക്കുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്‌മെന്റ് റദ്ദാകും.
തുടർന്നുള്ള അലോട്‌മെന്റുകളിൽ അവരെ പരിഗണിക്കില്ല. ഹയർസെക്കൻഡറിയിൽ ആദ്യ അലോട്‌മെന്റിനുശേഷം സംവരണ വിഭാഗത്തിലെ 69,000 സീറ്റ് മിച്ചമുണ്ടായിരുന്നു. അതും അലോട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തതിനാൽ ഒഴിവു വരുന്ന സീറ്റും ചേർത്ത് രണ്ടും മൂന്നും അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ചയാണ് രണ്ടാം അലോട്‌മെന്റ്. 16-ന് മൂന്നാം അലോട്‌മെന്റും. 18-ന് ഈവർഷത്തെ പ്ലസ്‌വൺ ക്ലാസ് തുടങ്ങും.

