കോഴിക്കോട്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് കടുപ്പിച്ച് തൃണമൂൽ കോൺഗ്രസ്. തൃണമൂൽ നേതാവ് പി വി അൻവറിന്റെ നിർദ്ദേശം മറികടന്നാണ് ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ഇതോടെ അൻവർ നിലമ്പൂരിൽ സ്ഥാനാർത്ഥിയായേക്കുമെന്നും അഭ്യൂഹം പരന്നു. എന്നാൽ, ഉടൻതന്നെ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കണം എന്ന നിലപാടാണ് തൃണമൂൽ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ തൃണമൂൽ കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശന കാര്യത്തിൽ തീരുമാനം എടുത്തില്ലെങ്കിൽ നിലമ്പൂരിൽ അൻവറിനെ സ്ഥാനാർത്ഥിയാക്കാനാണ് തൃണമൂൽ നീക്കം. ഇക്കാര്യം തൃണമൂൽ കോൺഗ്രസ് നേതൃത്വം കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്.
യുഡിഎഫ് പ്രവേശനത്തിനായി തൃണമൂൽ കോൺഗ്രസ് കത്തു നൽകിയിട്ട് അഞ്ചുമാസത്തിലേറെയായി. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം എടുക്കാത്തതിനെ തുടർന്നാണ് പുതിയ നീക്കം. രണ്ടുദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കിൽ പി.വി. അൻവറിനെ മത്സരിപ്പിക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്. തൃണമൂൽ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടേതാണ് തീരുമാനം.
മുന്നണിയിലെടുക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ മുന്നണി പ്രവേശന കാര്യത്തിൽ തീരുമാനമുണ്ടായില്ലെന്ന് നേതാക്കൾ പറയുന്നു. ഇന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ഈ സമയത്താണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു.
അതേസമയം തൃണമൂലിന്റെ ഭീഷണിക്കെതിരെ കോൺഗ്രസ് രംഗത്ത് വന്നു. പിണറായിസത്തിനെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച അൻവർ ആരാണ് മുഖ്യശത്രുവെന്ന് വ്യക്തമാക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർഥിക്കെതിരെ ആരോപണം ഉന്നയിച്ച അൻവറിനെ സഹകരിപ്പിക്കാനാകില്ല എന്നതാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ വികാരം. സമ്മർദ്ദം ചെലുത്തി കാര്യങ്ങൾ നേടിയെടുക്കാനുള്ള അൻവറിന്റെ നീക്കത്തിന് വഴങ്ങിക്കൊടുക്കേണ്ടതില്ല എന്നാണ് കോൺഗ്രസിന്റെ തീരുമാനം.

