കൊച്ചി : ‘നമ്മൾ അനുഭവിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് സമൂഹത്തിൽ മുന്നേറാൻ നമ്മളെ സഹായിക്കുന്നത് വിദ്യാഭ്യാസം മാത്രമാണ്”, എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐഎഎസ്.
എസ്എസ്എൽസി, പ്ലസ് ടു ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കാൻ വിപിഎസ് ലേക്‌ഷോർ ആശുപത്രി സംഘടിപ്പിച്ച ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാർവതി ഗോപകുമാർ.

“അറിവ് എന്നതിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. ഭിന്നശേഷിയുള്ള, ഒരു സാധാരണ കുടുംബത്തിൽ ജനിച്ച എനിക്ക് ഇന്നിവിടെ നില്ക്കാൻ കഴിയുന്നത് വിദ്യാഭ്യാസം നൽകിയ ആത്മവിശ്വസം ഒന്നുകൊണ്ട് മാത്രമാണ്”, പാർവതി കൂട്ടിച്ചേർത്തു.
വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടിയിൽ പത്താം ക്ലാസ് , പ്ലസ് ടു എന്നിവയിൽ മികച്ച വിജയം കൈവരിച്ച 61 പേരെയാണ് ലേക്‌ഷോർ മൊമെന്റോയും, ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചത്. “നമ്മുടെ സ്റ്റാഫ് എല്ലാവരും ഒരു കുടുംബം ആണ്. അവരുടെ മക്കളുടെ വിജയം അത് ഹോസ്പിറ്റലിന്റെ കൂടെ വിജയം ആണ്. അവരെ ആദരിക്കാനും, പ്രചോദനം നൽകാനും ആണ് ഇത്തരത്തിൽ ഒരു പരിപാടി ഹോസ്പിറ്റൽ സംഘടിപ്പിച്ചത്.” എസ് കെ അബ്ദുള്ള പറഞ്ഞു.
ഗ്യാസ്‌ട്രോ സർജൻ ഡോ. എച്ച്. രമേഷ്, ഹെഡ് ആൻഡ് നെക്ക് വിഭാഗം മേധാവി ഡോ. ഷോൺ ടി. ജോസഫ്, ഓൺകോളജിസ്റ് ഡോ. വി പി ഗംഗാധരൻ എന്നിവർ കുട്ടികളെ അനുമോദിച്ചു. പരിപാടിയുടെ ഭാഗമായി ഫോർട്ട് കൊച്ചി വെളിയിലെ ഇവിഎം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് 50 യൂണിഫോം ലേക്‌ഷോർ കൈമാറി. ഹ്യൂമൻ റിസോഴ്‌സസ് ജനറൽ മാനേജർ പ്രദീപ് സ്വാഗതവും സ്റ്റാഫ് പ്രതിനിധി അനസ് നന്ദിയും പറഞ്ഞു.

