ബക്കിങ്ഹാം കൊട്ടാരത്തിൽ അതിഥിയായി മലയാളി നഴ്സ്; തിരുവല്ലക്കാരിക്ക് ഇത് ആതുര സേവന രംഗത്തെ അർപ്പണബോധത്തിനുള്ള അംഗീകാരം

0

ലണ്ടൻ: ബ്രിട്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിൽ അതിഥിയായി മലയാളി നഴ്സ്. തിരുവല്ല സ്വദേശിനി പ്രബിൻ ബേബിയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അതിഥിയായി ബക്കിങ്ഹാം കൊട്ടാരത്തിൽ ​ഗാർഡൻ പാർട്ടിയിൽ പങ്കെടുത്തത്. സ്റ്റീവനേജിലെ ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഡ്ഷയർ ദേശീയ ആരോഗ്യ സേവന ട്രസ്റ്റിന് കീഴിലുള്ള ലിസ്റ്റർ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ് പ്രബിൻ ബേബി. ആതുര സേവന രംഗത്തെ മികച്ച പ്രവർത്തനത്തിനും അർപ്പണബോധത്തിനുമുള്ള അം​ഗീകാരമായാണ് രാജകുടുംബത്തിന്റെ ​ഗാർഡൻ പാർട്ടിയിലേക്ക് ഈ മലയാളി യുവതിക്ക് ക്ഷണം ലഭിച്ചത്.

1860 മുതൽ എല്ലാ വർഷവും ബ്രിട്ടീഷ് രാജകുടുംബം ഗാർഡൻ പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ട്. സമൂഹത്തിലെ അംഗങ്ങളുടെ മികച്ച സംഭാവനകളെ അഭിനന്ദിക്കുന്നതിനും, അവരുടെ പൊതുസേവനത്തെ ആദരിക്കുന്നതിനുമായാണ് ഗാർഡൻ പാർട്ടികൾ നടത്തുന്നത്. ഇക്കുറി നടന്ന ഗാർഡൻ പാർട്ടിയിൽ ചാൾസ് രാജാവ്, കാമില രാജ്ഞി, ആനി രാജകുമാരി, എഡിൻബർഗ് പ്രഭു എഡ്‌വേർഡ്, ഗ്ലോസ്റ്ററിലെ ഡച്ചസ് സോഫി തുടങ്ങിയ രാജകുടുംബത്തിലെ പ്രമുഖർ ആതിഥേയത്വം വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരായിരുന്നു അതിഥികളായെത്തിയത്. അവരിലെ മലയാളി സാന്നിധ്യമായിരുന്നു പ്രബിൻ ബേബി.

ഗാർഡൻ പാർട്ടി നടക്കുന്ന ദിവസങ്ങളിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൊട്ടാരത്തിന്റെ കവാടങ്ങൾ തുറക്കുകയും അതിഥികളെ സ്വീകരിക്കാൻ തുടങ്ങുകയും ചെയ്യും. അതിഥികളുടെ പ്രവേശനം ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം രാജകുടുംബാംഗങ്ങളെത്തും. സൈനിക ബാൻഡിന്റെ ദേശീയഗാനാലാപനത്തോടെയാണ് പരിപാടി ഔദ്യോഗികമായി ആരംഭിക്കുന്നത്. പിന്നീട് രാജകുടുംബാംഗങ്ങൾ അതിഥികളുമായി സംവദിക്കും.

ഗാർഡൻ പാർട്ടിയിൽ സാധാരണയായി ചായ, സാൻഡ്‌വിച്ചുകൾ, ക്രീമും ജാമും ചേർത്ത റൊട്ടികൾ, വിക്ടോറിയ സ്പോഞ്ച് കേക്കുകൾ തുടങ്ങിയ വിഭവങ്ങളാണ് വിളമ്പുന്നത്. കൂടാതെ, സ്വാദിഷ്ടമായ കസ്റ്റാർഡ് നിറച്ച പൈ, മിനി-പൈ തുടങ്ങിയ ചെറുപലഹാരങ്ങളും ഉണ്ടാവാറുണ്ട്. എന്നാൽ കൊട്ടാരത്തിലെ മനോഹരമായ പൂന്തോട്ടത്തിലിരുന്ന് രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളോടൊപ്പം സമയം ചെലവഴിക്കാൻ ലഭിക്കുന്ന അവസരമാണ് ഇതിലെ പ്രധാന ആകർഷണം.

യുകെയിൽ എത്തി അഞ്ച് വർഷം തികയുന്നതിനു മുൻപ് തന്നെ, കഴിവും സംഘാടക മികവും നഴ്സിങ് രംഗത്തും സഹപ്രവർത്തകർക്കിടയിലും ട്രസ്റ്റിലും ശ്രദ്ധ നേടാൻ പ്രബിന് സാധിച്ചു. പുതുതായി എത്തുന്ന ജീവനക്കാരുടെ പ്രോത്സാഹനത്തിനും സഹായത്തിനും മികച്ച സംഭാവനകൾ നൽകിയതിന്റെയും, ആകർഷകമായ നേതൃപാടവത്തിന്റെയും അടിസ്ഥാനത്തിൽ ട്രസ്റ്റ് പ്രബിനെ രോഗീ പരിചരണ വിഭാഗം കോഓർഡിനേറ്ററായി ഉയർത്തി. നിലവിൽ പേഷ്യന്റ് എക്സ്പീരിയൻസ് നഴ്സായി സേവനമനുഷ്ഠിക്കുന്നു.

‘സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷനി’ലെ അംഗമാണ് പ്രബിൻ. സംഘടനയുടെ മുൻ ഭാരവാഹിയുമാണ്. ലിസ്റ്റർ ഹോസ്പിറ്റലിൽ കേരളത്തിന്റെ ദേശീയോത്സവമായ ‘തിരുവോണം’ ആഘോഷിക്കാൻ ഒരു ദിനവും വേദിയും ഒരുക്കുന്നതിനും, ആവശ്യമായ ഫണ്ടും മറ്റ് സഹായങ്ങളും സംഘടിപ്പിച്ച് ഓണസദ്യയടക്കം വിളമ്പാൻ സാധിച്ചത് പ്രബിന്റെ ശ്രദ്ധേയമായ ഇടപെടലിലൂടെയാണ്. ലിസ്റ്റർ ഹോസ്പിറ്റലിലെ തദ്ദേശീയരും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമായ ജീവനക്കാർക്കിടയിൽ ‘തിരുവോണ’ത്തെ പരിചയപ്പെടുത്താനും, ‘ഓണസദ്യ’യെ അവരുടെ ഇഷ്ടവിഭവമാക്കി മാറ്റാനും ഇതിനോടകം പ്രബിന് കഴിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here