കൊച്ചി: നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് നിർദേശം.
കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫിസുകളിൽ 2022 ഡിസംബർ 15ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നോട്ടിസ് നൽകിയിരിക്കുന്നത്.
കടുവ, ജനഗണമന, ഗോൾഡ് എന്നീ ചിത്രങ്ങളിൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല.
എന്നാൽ സഹനിർമാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ. നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിൽ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീരണം. വരുന്ന ഏപ്രിൽ 29-നകം വിശദീകരണം നൽകണമെന്നാണ് നിർദേശം.