മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി, വിശദമായി ചോദ്യം ചെയ്യും

0

ദില്ലി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ദില്ലിയിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് നടപടി. 18 ദിവസത്തേക്കാണ് റാണയെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടത്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയിൽ എൻഐഎ അപേക്ഷ നൽകിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യൽ ആനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്.

കേസിൽ ഒന്നാം പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് തഹാവൂർ റാണയുമായി മുഴുവൻ ഓപ്പറേഷനെക്കുറിച്ചും ചർച്ച ചെയ്തിരുന്നുവെന്ന് എൻ‌ഐ‌എ കോടതിയിൽ വാദിച്ചിരുന്നു.  ഹെഡ്‌ലിയുടെ മൊഴി അടക്കമുള്ള വിശദാംശങ്ങൾ എൻഐഎ, കോടതിയിൽ നല്കി.  എന്നാൽ എൻഐഎ കോടതി മൂന്നാഴ്ചത്തേക്കാണ് റാണയെ കസ്റ്റഡിയിൽ വിട്ടത്. എൻഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദർജിത് സിങ് ആണ് വാദം കേട്ടത്. കസ്റ്റഡി കാലയളവിൽ റാണയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എൻഐഎ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം വൈകിട്ടാണ് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണ(64) യുമായുള്ള വിമാനം ഇന്ത്യയിലെത്തിയത്. റാണയെ ദില്ലിയിലെത്തിച്ചതോടെ പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോടതി നടപടികൾ പൂർത്തിയാക്കിയതിന് ശേഷമേ എൻഐഎ ആസ്ഥാനത്തെത്തിക്കുമോ ജയിലിലേക്ക് മാറ്റുമോ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരികയുള്ളൂ. റാണയെ ഇന്ത്യയിൽ സഹായിക്കുന്ന ചില കണ്ണികളുണ്ടെന്നാണ് വിവരം. ഇതിൽ വ്യക്തത വരുത്തുന്നതടക്കമുള്ള നീക്കങ്ങളിലാണ് അന്വേഷണ സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here