കോഴിക്കോട്: ചോദ്യക്കടലാസ് ചോര്‍ത്തിയ കേസില്‍ മുഖ്യപ്രതി എം.എസ്. സൊലൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബിന്റെ മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. ചോദ്യക്കടലാസ് ചോര്‍ത്തിയില്ല, പ്രവചനം നടത്തിയിട്ടേയുള്ളൂ എന്ന നിലപാടാണ് ക്രൈംബ്രാഞ്ചിനോട് പ്രതി ആവര്‍ത്തിച്ചത്.
ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് ഷുഹൈബിന്റെ അറസ്റ്റ് നേരത്തേ കോടതി തടഞ്ഞിരുന്നു. എന്നാല്‍ ഷുഹൈബിന്റെ പങ്ക് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഷുഹൈബ് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് എസ്.പി കെ. മൊയ്തീന്‍കുട്ടി, ഡിവൈ.എസ്.പി ചന്ദ്രമോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു.
അതേസമയം ബുധനാഴ്ച അറസ്റ്റിലായ സ്‌കൂള്‍ ജീവനക്കാരന്‍ അബ്ദുള്‍ നാസറിന്റെ ജാമ്യാപേക്ഷയില്‍ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച വിധി പറയും. തെളിവ് നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ജഫ്രി ജോര്‍ജ് വാദിച്ചു. അബ്ദുള്‍നാസറിനെയും മറ്റ് രണ്ട് പ്രതികളെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.

