ചെന്നൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ നാളെ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യൻസും നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും പേസര്‍ ജസ്പ്രീത് ബുമ്രയും മുംബൈ നിരയിലുണ്ടാവില്ല. ബുമ്രക്ക് പരിക്കാണ് വില്ലനായതെങ്കില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കഴിഞ്ഞ ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ലഭിച്ച ഒരു മത്സര വിലക്കാണ് ഐപിഎല്ലിലെ ആവേശപ്പോര് നഷ്ടമാക്കിയത്.
ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് നാളെ മുംബൈയെ നയിക്കുക. ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ന്യൂബസിലന്‍ഡ് പേസര്‍ ട്രെന്‍റ് ബോള്‍ട്ടായിരിക്കും മുംബൈ പേസാക്രമണത്തെ നയിക്കുക. 9.25 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് റാഞ്ചിയ ദീപക് ചാഹര്‍ ആയിരിക്കും ബോള്‍ട്ടിന്‍റെ സഹപേസര്‍. ബുമ്രയുടെയും ഹാര്‍ദ്ദിക്കിന്‍റെയും അഭാവത്തില്‍ ഒരു അധിക പേസറെ മുംബൈ നാളെ കണ്ടെത്തേണ്ടിവരും. ഇംഗ്ലണ്ടിന്‍റെ റീസ് ടോപ്‌ലിക്കും ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ കോര്‍ബിന്‍ ബോഷിനുമാണ് സാധ്യത.

