ഗുണ്ടാനേതാവിനെ കൊന്ന് പായിൽ പൊതിഞ്ഞ് കാട്ടില്‍ തള്ളിയ സംഭവം; 7 പേർ അറസ്റ്റിൽ

0

മൂലമറ്റം: ഗുണ്ടാനേതാവിനെ കൊന്ന് പായിൽ പൊതിഞ്ഞ് തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ ഏഴ് പേർ പിടിയിൽ. കേസിൽ ഇനി ഒരാളെ കൂടി പിടിയിലാവാനുണ്ട്.


മൂലമറ്റം സ്വദേശികളായ താഴ്‌വാരം കോളനി പെരിയത്തുപറമ്പിൽ അഖിൽ രാജു (24), മണപ്പാടി വട്ടമലയിൽ രാഹുൽ ജയൻ (26), പുത്തൻപുരയിൽ അശ്വിൻ കണ്ണൻ (23), മണപ്പാടി അതുപ്പള്ളിയിൽ ഷാരോൺ ബേബി (22), പുത്തേട് കണ്ണിക്കൽ അരീപ്ലാക്കൽ ഷിജു ജോൺസൺ (29), അറക്കുളം കാവുംപടി കാവനാൽ പുരയിടത്തിൽ പ്രിൻസ് രാജേഷ് (24), ഇലപ്പള്ളി ചെന്നാപ്പാറ പുഴങ്കരയിൽ മനോജ് രമണൻ (33) എന്നിവരാണ് അറസ്റ്റിലായത്. എട്ടാം പ്രതി അറക്കുളം കാവുംപടി സ്വദേശി വിഷ്ണു ജയൻ ഒളിവിലാണ്.

കഴിഞ്ഞ 30ന് ആണ് ഗുണ്ടാനേതാവായ ഇരുമാപ്ര സാജൻ സാമുവലിനെ (47) കൊലപ്പെടുത്തി പായിൽ പൊതിഞ്ഞ് പ്രതികൾ തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ തള്ളിയത്. മേച്ചാലിൽ പെയ്ന്റിങ് ജോലിക്കെത്തിയതായിരുന്നു പ്രതികൾ. സാജനുമായി പ്രതികൾ വാക്കേറ്റമുണ്ടായി. സാജന്റെ വായിൽ തുണി തിരുകി കമ്പിവടികൊണ്ട് മർദിച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറ‍ഞ്ഞു. തുടർന്ന് പായയിൽ പൊതിഞ്ഞ മൃതദേഹം തേക്കിൻകൂപ്പിൽ ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹം കുഴിച്ചിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇടതുകൈ ഉയർന്ന നിലയിലായിരുന്നു. പ്രതികൾ ഈ കൈ വെട്ടിമാറ്റി സമീപം ഉപേക്ഷിച്ചെന്നും പൊലീസ് പറ‍ഞ്ഞു. ലഹരി, മോഷണ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവരെന്നും ഇവർ സാജനുമായി നേരത്തേയും പലതവണ ഏറ്റുമുട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Leave a Reply