കൊച്ചി: എറണാകുളം – ബെംഗളുരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ കുട്ടികൾ പാടിയ ആർ എസ് എസ് ഗണഗീതം വീണ്ടും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ദക്ഷിണ റയിൽവെ. വിവാദങ്ങളെ തുടർന്ന് ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ എക്സിൽ നിന്നും ഒഴിവാക്കിയിരുന്നു. പിന്നീട് ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബിയെ പൂജിക്കാൻ’ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം, ഇംഗ്ലീഷ് പരിഭാഷയോടുകൂടിയാണ് റെയിൽവേയുടെ ഔദ്യോഗിക എക്സ് പേജിൽ പ്രസിദ്ധീകരിച്ചത്.എളമക്കര സരസ്വതി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പാടിയ ഈ ഗാനം ആദ്യം റെയിൽവേയുടെ സോഷ്യൽ മീഡിയയിൽ നിന്നു നീക്കം ചെയ്തിരുന്നു. തുടർന്ന് സ്കൂൾ അധികൃതരിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇത് എല്ലാ ദിവസവും അസംബ്ലിയിൽ പാടുന്ന ദേശഭക്തിഗാനമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചതോടെയാണ് വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത്.
വീഡിയോ വീണ്ടും പങ്കുവെച്ചതിനോട് പ്രതികരിച്ച് സ്കൂൾ പ്രിൻസിപ്പൽ റെയിൽവേയ്ക്കും കേന്ദ്രസർക്കാറിനും നന്ദി അറിയിച്ചു. “വന്ദേഭാരത്” ട്രെയിനിന്റെ ഉദ്ഘാടനയാത്രയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതിലും നന്ദിയുണ്ടെന്ന് അവർ പറഞ്ഞു. പാട്ടിലെ “പലനിറമെങ്കിലും ഒറ്റമനസ്സായി വിടർന്നു നിൽക്കുന്ന മുകുളങ്ങൾ” എന്ന വരി, രാജ്യത്തിന്റെ നാനാത്വത്തിലുള്ള ഏകത്വത്തിന്റെ ആത്മാവിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

