ചന്ദ്രന്റെ മണ്ണിൽ നിന്ന് വെള്ളം മുതൽ റോക്കറ്റിനുള്ള ഇന്ധനം വരെ; മനുഷ്യരാശിയെ അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ

0

ചന്ദ്രന്റെ മണ്ണിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ശാസ്ത്രലോകം. ഇത് ഭാവിയിലെ ചാന്ദ്ര പര്യവേഷണങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന ചുവടുവെയ്പ്പാണെന്ന് ​ഗവേഷകർ പറയുന്നു. ചൈനീസ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടുപിടുത്തത്തെ കുറിച്ച് ജൂൾ ജേണലിലെ റിപ്പോർട്ടിലാണ് വ്യക്തമാക്കുന്നത്. പുതിയ സാങ്കേതിക വിദ്യ വിജയകരമായി വികസിപ്പിച്ചെടുത്താൽ, ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും ഉള്ള ദീർഘകാല മനുഷ്യ ദൗത്യങ്ങൾക്ക് വലിയ സഹായകരമാകും എന്നാണ് വിലയിരുത്തൽ.

ചന്ദ്രന്റെ മണ്ണിൽ നിന്ന് വെള്ളം വേർതിരിച്ചെടുത്ത് അതുപയോഗിച്ച് കാർബൺ ഡൈ ഓക്സൈഡും ഓക്സിജനും ഇന്ധനവുമായി ബന്ധപ്പെട്ട രാസവസ്തുക്കളുമായി മാറ്റാൻ സാധിച്ചു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ചന്ദ്രൻറെ മണ്ണിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുകയും ബഹിരാകാശ യാത്രികർ പുറത്തുവിടുന്ന കാർബർ ഡൈ ഓക്സൈഡിനെ കാർബൺ മോണോക്സൈ‍ഡും ഹൈഡ്രജൻ വാതകവുമാക്കി മാറ്റാൻ ഈ വെള്ളം ഉപയോഗിക്കുകയുമാണ് ചെയ്തത്. ഇവ പിന്നീട് ഇന്ധനവും ബഹിരാകാശ യാത്രികർക്ക് ശ്വസിക്കാനുള്ള ഓക്സിജൻ നിർമിക്കാനും ഉപയോഗിക്കാം. ചന്ദ്രനിൽ മനുഷ്യവാസം അനായാസമാക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. ചാന്ദ്രമണ്ണിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുന്ന നിലവിലുളള സാങ്കേതിക വിദ്യകൾക്ക് കൂടുതൽ ഊർജം ആവശ്യമായിരുന്നു.

ഇതുവഴി ബഹിരാകാശത്ത് താമസിക്കുന്നവർക്ക് ജലം, ഓക്സിജൻ, ഇന്ധനം തുടങ്ങിയ അവശ്യവിഭവങ്ങൾ സമാഹരിക്കുന്നതിന് ഭൂമിയെ ആശ്രയിക്കുന്നത് കുറയ്ക്കാം. കൂടുതൽ ആഴത്തിലുള്ള ബഹിരാകാശ പര്യവേഷണങ്ങൾക്കും ഈ കണ്ടെത്തൽ സഹായകമാകും. വിദൂര പ്രപഞ്ച പര്യവേഷണങ്ങൾക്ക് ചന്ദ്രനെ ഒരു ഇടത്താവളമായി ഉപയോഗിക്കാനുളള ആശയത്തിനും ഇത് കരുത്തേകും. മനുഷ്യവാസത്തിന് ആവശ്യമായ വിഭവങ്ങൾ ചന്ദ്രനിൽ നിന്നു തന്നെ ഉൽപാദിപ്പിച്ചാൽ യാത്രയുടെ ചെലവ് കുറയ്ക്കുന്നതിനും സഹായകമാകും.

ചന്ദ്രനിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നത് ചെലവേറിയതാണ്. ചരക്കിന്റെ പിണ്ഡം കൂടുന്തോറും ബഹിരാകാശത്ത് സാധനങ്ങളെത്തിക്കാൻ റോക്കറ്റിന് കൂടുതൽ പ്രയത്നിക്കേണ്ടിവരും. ഒരു ഗാലൻ വെള്ളം ചന്ദ്രനിലെത്തിക്കാൻ 83,000 ഡോളർ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ബഹിരാകാശയാത്രികനും പ്രതിദിനം നാല് ഗാലൻ വെള്ളം കുടിക്കുന്നതായാണ് സൂചന. സുസ്ഥിരമായ ചാന്ദ്രജല ഉപയോഗം ബഹിരാകാശ പര്യവേഷണങ്ങളിലെ സാങ്കേതിക തടസ്സങ്ങളേയും അനുബന്ധ ചെലവുകളും മറികടക്കുന്നതിന് നിർണായകമാകും.

2020-ൽ ചൈനയുടെ ചാങ്’ഇ-5 ദൗത്യം ഭൂമിയിലെത്തിച്ച ചന്ദ്രോപരിതലത്തിലെ സാമ്പിളുകൾ ഉപയോഗിച്ചായിരുന്നു ​ഗവേഷണം. ഗവേഷകർ ചന്ദ്ര വസ്തുക്കളിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുകയും കാർബൺ ഡൈ ഓക്സൈഡിനൊപ്പം അവശ്യ വിഭവങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കാമെന്ന് തെളിയിക്കുകയും ചെയ്തു. ബഹിരാകാശയാത്രികർക്ക് ശ്വസിക്കാൻ ഓക്സിജനും റോക്കറ്റ് ഇന്ധനമാക്കി മാറ്റാൻ കഴിയുന്ന ഹൈഡ്രജൻ അധിഷ്ഠിത രാസവസ്തുക്കളും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

“ചന്ദ്ര മണ്ണിന്റെ ‘മാജിക്’ ഞങ്ങൾ ഒരിക്കലും പൂർണ്ണമായി സങ്കൽപ്പിച്ചിട്ടില്ല,” ​ഗവേഷകരിൽ ഒരാളും ഷെൻ‌ഷെനിലെ ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഗവേഷകനുമായ പ്രൊഫസർ ലു വാങ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങൾക്ക് ഏറ്റവും വലിയ അത്ഭുതം ഈ സംയോജിത സമീപനത്തിന്റെ വ്യക്തമായ വിജയമായിരുന്നു എന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here