സൂറിച്ച്: വനിത ഫുട്ബാളർമാരുടെ ക്ഷേമത്തിനായി ചരിത്രപരമായ തീരുമാനവുമായി ഫിഫ. വനിത കളിക്കാർക്ക് ചുരുങ്ങിയത് 14 ആഴ്ച പ്രസവാവധി നൽകാനുള്ള തീരുമാനത്തിന് ഫിഫ കൗൺസിൽ അംഗീകാരം നൽകി. പ്രസവത്തിന് ശേഷം ചുരുങ്ങിയത് എട്ടാഴ്ചയാകും അവധി.
അവധി കഴിഞ്ഞെത്തുന്ന കളിക്കാരെ വീണ്ടും മത്സരങ്ങൾക്ക് സജ്ജമാക്കാൻ ആവശ്യമായ പിന്തുണ ക്ലബ് നൽകണമെന്ന് നിർദേശം നൽകി.
‘കളിക്കാരാണ് കളിയിലെ താരങ്ങൾ, അവരാണ് കളിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. അവർക്ക് തിളങ്ങാൻ ഞങ്ങൾ വേദിയൊരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വനിതാ കളിക്കാരുടെ കാര്യം വരുമ്പോൾ അവരുടെ കരിയറിൽ കൂടുതൽ സ്ഥിരത കൊണ്ടുവരണം. ഉദാഹരണത്തിന്, അവർക്ക് പ്രസവാവധി എടുക്കേണ്ടതുണ്ടെങ്കിൽ, അവർ വിഷമിക്കേണ്ടതില്ല’ -ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറീനോ ട്വിറ്റർ വിഡിയോയിലൂടെ വ്യക്തമാക്കി.
ഒരു വനിതാ കളിക്കാരിക്ക് പോലും ഒരിക്കലും ഗർഭധാരണത്തിൻെറ പേരിൽ ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ അനുഭവിക്കരുതെന്ന് ഫിഫ കൂട്ടിച്ചേർത്തു.
ഇതോടൊപ്പം തന്നെ പരിശീലകരുടെ ജോലി സ്ഥിരതക്ക് ഉപകാരപ്രദമാകുന്ന പുതിയ നിയമങ്ങളും ഫിഫ ആവിഷ്കരിക്കുന്നുണ്ട്. നിലവിൽ നടക്കുന്ന രീതിയിൽ ഏഴ് ടീമുകളെ വെച്ച് ഫിഫ ക്ലബ് ലോകകപ്പ് 2021ൽ ജപ്പാനിൽ വെച്ച് നടക്കുമെന്നും തീരുമാനിച്ചു. Zurich: FIFA has made a historic decision for the welfare of women footballers. FIFA Council approves decision to give women players at least 14 weeks maternity leave The leave is at least eight weeks after delivery.
