കോട്ടയം: ജില്ലാ പോലീസ് മേധാവിയുടെ വാഹനത്തില്‍ തട്ടിയ ബൈക്കിലുണ്ടായിരുന്ന യുവാവിനെ കുമരകത്ത് പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കണമെന്നാണ് ഉത്തരവ്. വെച്ചൂര്‍ വാടപ്പുറത്ത്ചിറ ആന്റപ്പന്റെ മകന് ജിജോ (26) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണു നിര്‍ദേശം.
കഴിഞ്ഞ നവംബര്‍ ഏഴിനു രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കുമരകം ഭാഗത്ത് രണ്ടു യുവാക്കള്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഇവരുടെ ബൈക്ക് എസ്.പിയുടെ ഔദ്യോഗിക വാഹനത്തില്‍ തട്ടിയതായി ആരോപണം ഉയര്‍ന്നു. ഇതിനുശേഷം യുവാക്കളുടെ സംഘം എസ്.പിയുടെ വാഹനത്തെ പിന്തുടരുകയും, കുമരകത്ത് എ.ടി.എമ്മിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന എസ്.പിയുടെ വാഹനത്തില്‍ ഇടിക്കുകയും ചെയ്തു.
ഇതു ചോദ്യം ചെയ്ത പോലീസുകാരെ കണ്ടു യുവാക്കള്‍ അടുത്തുള്ള ബാര്‍ ഹോട്ടലിലേക്ക് ഓടിക്കയറി. ഇവര്‍ അറിയിച്ചത് അനുസരിച്ച് കൂടുതല്‍ പോലീസ് സ്ഥലത്തെത്തുകയും ബാര്‍ ഹോട്ടലില്‍ പരിശോധന നടത്തുകയും ചെയ്തുവെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല. രാത്രി പന്ത്രണ്ടോടെ ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ തെരച്ചിലിലാണ് യുവാവിനെ ബാറിനു പുറകിലെ സ്വകാര്യ വ്യക്തിയുടെ പാടത്തെ ചാലില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് എത്തി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും ജീവന് നഷ്ടമായിരുന്നു. കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ജിജോയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.