കിണറിനുള്ളില്‍ റിങ്‌ ഇറക്കുന്നതിനിടെ ഒരു ഭാഗം അടര്‍ന്ന്‌ തലയില്‍ പതിച്ച്‌ പരുക്കേറ്റ യുവാവ്‌ മരിച്ചു

0

തൊടുപുഴ: കിണറിനുള്ളില്‍ റിങ്‌ ഇറക്കുന്നതിനിടെ ഒരു ഭാഗം അടര്‍ന്ന്‌ തലയില്‍ പതിച്ച്‌ പരുക്കേറ്റ യുവാവ്‌ മരിച്ചു. തൊടുപുഴ ഒളമറ്റം കുന്നുമ്മല്‍ ശ്രീജിത്ത്‌ കൃഷ്‌ണയാണ്‌ (ജിത്ത്‌- 42) മരിച്ചത്‌. മണക്കാട്‌ നെല്ലിക്കാവ്‌ വരമ്പനാല്‍ ജിഷ്‌ണുരാജ്‌ അടുത്തിടെ വാങ്ങിയ ആനക്കൂടിന്‌ സമീപത്തെ വസ്‌തുവിലെ കിണറ്റില്‍ ഇന്നലെ രാവിലെ 9.45നായിരുന്നു അപകടം.
നിര്‍മാണം പൂര്‍ത്തിയാക്കിയ കിണറില്‍ റിങ്‌ ഇറക്കുന്ന ജോലി മാത്രമാണ്‌ അവശേഷിച്ചിരുന്നത്‌. ശ്രീജിത്തടക്കം ഏഴ്‌ തൊഴിലാളികളാണ്‌ റിങ്‌ ഇറക്കാനുണ്ടായിരുന്നത്‌. മറ്റുള്ളവര്‍ മുകളില്‍നിന്ന്‌ കയറില്‍ കെട്ടി റിങ്‌ ഇറക്കുമ്പോള്‍ യഥാസ്‌ഥാനത്ത്‌ പിടിച്ച്‌ വയ്‌ക്കാനായി കിണറ്റില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു ശ്രീജിത്ത്‌. ഇങ്ങനെ ഏഴ്‌ റിങുകള്‍ സംഘം കിണറ്റില്‍ ഇറക്കി. എട്ടാമത്തേത്‌ ഇറക്കുമ്പോള്‍ അപ്രതീക്ഷിതമായി റിങ്ങിന്റെ ഒരു ഭാഗം അടര്‍ന്ന്‌ തലയില്‍ പതിക്കുകയായിരുന്നു.
ഉടന്‍ തന്നെ മറ്റുള്ളവര്‍ കിണറ്റില്‍ ഇറങ്ങി ഉടുമുണ്ട്‌ ദേഹത്ത്‌ കെട്ടി കയറുപയോഗിച്ച്‌ ശ്രീജിത്തിനെ കരയിലെത്തിച്ചു. റിങ്‌ കൊണ്ടുവന്ന ലോറിയില്‍ ശ്രീജിത്തിനെ പ്രധാന റോഡിലെത്തിച്ചപ്പോഴേക്കും അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സെത്തി. തുടര്‍ന്ന്‌ ആംബുലന്‍സില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പ്പസമയത്തിനകം മരിച്ചു. തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ തൊടുപുഴ ശാന്തിതീരം പൊതുശ്‌മശാനത്തില്‍.
കണ്ണൂര്‍ ഇരിട്ടി കുന്നുമ്മല്‍ പരേതനായ കൃഷ്‌ണന്റെയും ശ്രീമതിയുടെയും മകനായ ശ്രീജിത്ത്‌ 20 വര്‍ഷമായി തൊടുപുഴയിലാണ്‌ താമസം. ഭാര്യ ആശ തൊടുപുഴ ഒളമറ്റം പുത്തന്‍വീട്ടില്‍ കുടുംബാംഗം. മക്കള്‍: അഭിനവ്‌ (കരിങ്കുന്നം സെന്റ്‌ അഗസ്‌റ്റിന്‍ സ്‌കൂള്‍ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥി), അനഘ, അഭിനന്ദ്‌ (ഇരുവരും ചുങ്കം സെന്റ്‌ ജോസഫ്‌ യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍).

Leave a Reply