ഫെയ്‌സ്‌ബുക്കിലൂടെ പരിചപ്പെട്ട കോളജ്‌ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌ത യുവാവ്‌ അറസ്‌റ്റില്‍

0

പാലാ: ഫെയ്‌സ്‌ബുക്കിലൂടെ പരിചപ്പെട്ട കോളജ്‌ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌ത കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. കൊട്ടാരക്കര, തലച്ചിറ പുല്ലാനിവിള സജീറി(33)നെയാണു പാലാ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഫെയ്‌സ്‌ബുക്കില്‍ വ്യാജ ഐ.ഡിയുണ്ടാക്കിയാണ്‌ ഒന്‍പതുമാസം മുമ്പ്‌ സജീര്‍ കോട്ടയത്തെ കോളജ്‌ വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത്‌. സൗദിയില്‍ വിമാനത്താവളജീവനക്കാരനാണെന്നും അവിവാഹിതനാണെന്നും പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണു സൗഹൃദം സ്‌ഥാപിച്ചത്‌. പിന്നീട്‌, വീഡിയോ കോളിലൂടെ സെക്‌സ്‌ ചാറ്റിനു പ്രേരിപ്പിച്ചു. അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന്‌, പല സ്‌ഥലങ്ങളിലും കണ്ടുമുട്ടി.
പെണ്‍കുട്ടിയുടെ ഫോണ്‍ നന്നാക്കാനെന്ന വ്യാജേന വാങ്ങിയ പ്രതി അതിലുള്ള ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെ കൈക്കലാക്കി. അശ്ലീലചിത്രങ്ങളും വീഡിയോകളും കൂട്ടുകാരികള്‍ക്ക്‌ അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി വിവിധ സ്‌ഥലങ്ങളില്‍ കൊണ്ടുപോയി. പാലായില്‍ വന്നാല്‍ സ്‌ക്രീന്‍ഷോട്ടുകള്‍ ഡിലീറ്റ്‌ ചെയ്യാമെന്ന ഉറപ്പുനല്‍കിയാണു ലോഡ്‌ജിലെത്തിച്ച്‌ ബലാത്സംഗം ചെയ്‌തത്‌. സജീറിനു ഭാര്യയും കുട്ടിയുമുണ്ടെന്നറിഞ്ഞ്‌ അകലാന്‍ ശ്രമിച്ചതോടെ യുവതിയുടെ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചുകൊടുത്തു. ഇതോടെ യുവതി കോട്ടയം, ഗാന്ധിനഗര്‍ പോലീസില്‍ പരാതിപ്പെട്ടു. സംഭവസ്‌ഥലം പാലാ സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി അവിടേക്കു കൈമാറി.
പാലാ എസ്‌.എച്ച്‌.ഒ: കെ.പി. തോംസണ്‍ കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെ എറണാകുളം കടവന്ത്രയിലെ ലോഡ്‌ജില്‍നിന്നാണു പ്രതിയെ പിടികൂടിയത്‌.
സജീര്‍ എറണാകുളത്തു താമസിച്ച്‌ പ്ലമ്പിങ്‌ ജോലികള്‍ ചെയ്‌തുവരുകയായിരുന്നു. എസ്‌.ഐ: എം.ടി. അഭിലാഷ്‌, എ.എസ്‌.ഐമാരായ ബിജു കെ. തോമസ്‌, ശ്രീലതാമ്മാള്‍, സീനിയര്‍ സി.പി.ഒമാരായ സുമേഷ്‌, ഷെറിന്‍ സ്‌റ്റീഫന്‍, സി.പി.ഒ: സി. രഞ്‌ജിത്ത്‌ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply