സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷി ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടു ദിവസം മുമ്പാണ് സംഭവം. എന്നാൽ നടിയെ ആക്രമിച്ച കേസുമായി ആത്മഹത്യാശ്രമത്തിന് ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആത്മഹത്യാ ശ്രമത്തെ തുടർന്ന് നടിയെ എറണാകുളം നോർത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടി ആരോഗ്യ നില വീണ്ടെടുത്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുമെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് നടിയുടെ ആത്മഹത്യാ ശ്രമം.
പ്രസവാനന്തരമുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്ന് നടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ പെട്ടെന്നൊരു ചോദ്യം ചെയ്യലിന് ആലോചിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ വെളിപ്പെടുത്തൽ.
20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്പത്തിക ശ്രോതസ് പൊലീസ് അന്വേഷിക്കും.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചായിരുന്നു സിനിമ താരങ്ങളില്‍ നിന്ന് പൊലീസ് ശേഖരിച്ച മൊഴി. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്സല്‍ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.
അതേസമയം, കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.
കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.
സാഗറിന്റെ മനസുമാറ്റിയെടുത്ത് പണം കൈമാറിയ കാര്യം ദിലീപിനോട് സഹോദരന് അനൂപ് പറയുന്നതിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്.
ഹോട്ടലില്‍ മുറിയെടുത്തത് സുധീറിന്റെ പേരിലാണെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന് അനൂപിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയില്‍ എത്തിയിട്ടുണ്ടെന്നതിന്റെ പ്രധാന സാക്ഷിയായിരുന്നു സാഗര്‍. മാത്രമല്ല കാവ്യയ്ക്കും ഇതില്‍ പങ്കുണ്ടെന്ന രീതിയിലായിരുന്നു സാഗര്‍ നേരത്തെ നല്കിയ മൊഴി.
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു.