Thursday, January 27, 2022

വർഷങ്ങൾക്ക് മുമ്പ് ഒരു ക്രിസ്മസിന് ജ്ഞാനസുന്ദരിയിലൂടെ മലയാള സിനിമ രംഗത്തേയ്ക്ക്; 60 വർഷങ്ങൾക്കിപ്പുറം മറ്റൊരു ക്രിസ്മസിന് തന്നെ വിട വാങ്ങലും; ദക്ഷിണേന്ത്യൻ സിനിമ കുലപതി കെ എസ് സേതുമാധവൻ കളമൊഴിയുന്നത് മറ്റൊരു പ്രത്യേകത കൂടി ബാക്കിയാക്കി..

Must Read

സിനിമാ ലോകത്തിന് ഒരുപാട് സംഭാവനകൾ നൽകി ഒടുവിൽ വിടവാങ്ങിയ പ്രമുഖ സംവിധായകൻ കെ എസ് സേതുമാധവൻ കളമൊഴിയുന്നത് മറ്റൊരു പ്രത്യേകത കൂടി ബാക്കി വെച്ചാണ്. 1961ലാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം ജ്ഞാനസുന്ദരി പുറത്തിറങ്ങുന്നത്. പ്രേംനസീർ, വിജയലക്ഷ്മി, തിക്കുറിശ്ശി സുകുമാരൻ നായർ,അടൂർ ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളായ ആ ചിത്രം അന്ന് റിലീസ് ചെയ്തതും ഒരു ക്രിസ്മസിനായിരുന്നു. കൃത്യം 60 വർഷങ്ങൾക്കിപ്പുറം ഇന്ന് മറ്റൊരു ക്രിസ്മസിന് തന്നെയാണ് അദ്ദേഹം കളമൊഴിയുന്നതും.

മലയാള സിനിമയ്ക്ക് അടിത്തറ പാകിയ സംവിധായകനായിരുന്നു അദ്ദേഹം. കമലാഹസനേയും മമ്മൂട്ടിയേയും സിനിമാലോകത്തിന് സമ്മാനിച്ച സംവിധായകൻ അദ്ദേഹമാണ്. അദ്ദേഹം അന്തരിച്ചതോടെ കളമൊഴിയുന്നത് ദക്ഷിണേന്ത്യൻ സിനിമാ കുലപതിയാണ്. സാഹിത്യത്തെ സ്‌ക്രീനിലെത്തിച്ച് സൂപ്പർ ഹിറ്റുകൾ ഒരുക്കി എന്നതുൾപ്പെടെ നിരവധി പ്രത്യേകതകളാണ് സേതുമാധവൻ എന്ന സംവിധായകന് ഉള്ളത്. ഇന്ന് രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 90 വയസ്സായിരുന്നു.

മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ.സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പാലക്കാട് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്റെ ജനനം.തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി. സിനിമയിൽ എത്തിയതു സംവിധായകൻ കെ രാംനാഥിന്റെ സഹായി ആയിട്ടായിരുന്നു . എൽ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെ നിന്നു സംവിധാനം പഠിച്ചു.

സേതുമാധവൻ 1960ൽ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മലയാളത്തിൽ സാഹിത്യകൃതികളെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ സിനിമകൾ പുറത്തിറക്കിയിട്ടുള്ള കെ.എസ് സേതുമാധവൻ തന്റെ ആദ്യ ചിത്രമായ ജ്ഞാനസുന്ദരിക്കു ശേഷം പുറത്തിറക്കിയ ‘കണ്ണും കരളും’ നിരവധി സ്ഥലങ്ങളിൽ നൂറിലധികം ദിവസങ്ങൾ പ്രദർശിപ്പിച്ച് ഹിറ്റായി മാറി. തുടർന്ന് നിരവധി ജനപ്രീതിയാർജ്ജിച്ച ചിത്രങ്ങളൊരുക്കിയെങ്കിലും 1965ലാണ് സേതുമാധവന്റെ ഏറ്റവും ശ്രദ്ധേയമായ ചില ചിത്രങ്ങൾ (ഓടയിൽ നിന്ന്,ദാഹം) പുറത്തു വന്നത്.

കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ എന്ന നോവലിന്റെ തമിഴ് പരിഭാഷ വായിച്ചാണ് ആ സിനിമ അതേ പേരിൽ എടുക്കാൻ സേതുമാധവൻ തീരുമാനിക്കുന്നത്. ജനകീയസിനിമയായി ഉയർന്നതിനോടൊപ്പം തന്നെ സേതുമാധവന് സംവിധായകനെന്ന നിലയിൽ ഏറെ നിരൂപകപ്രശംസയും നേടിക്കൊടുത്ത ചിത്രമായിരുന്നു ‘ഓടയിൽ നിന്ന്’, ‘ദാഹം’ എന്നീ ചിത്രങ്ങൾ.

മലയാളത്തില പ്രശസ്തമായിരുന്ന മഞ്ഞിലാസിന്റെ ബാനറിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതും അതോടൊപ്പം തന്നെ മഞ്ഞിലാസിന്റെ പ്രധാന നടനായിരുന്ന സത്യന്റെ ചില കരുത്തുറ്റ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയതും സേതുമാധവനായിരുന്നു. നാലു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ 1961ൽ പുറത്തിറങ്ങിയ ജ്ഞാനസുന്ദരി ആണ് ആദ്യചിത്രം. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകളിൽ മമ്മൂട്ടി ആദ്യമായി അഭിനയിച്ചു. കണ്ണും കരളും എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കമലാഹസൻ സിനിമയിൽ എത്തിയത്.

ബാലതാരമായി കമൽഹാസനെ ആദ്യമായി മലയാള സിനിമയിൽ അവതരിപ്പിച്ചത് കെ.എസ് സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന ചിത്രത്തിലൂടെ കമൽഹാസനെ നായകനായി അവതരിപ്പിച്ചതും സേതുമാധവനായിരുന്നു. 1965 ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയേയും അദ്ദേഹം അവതരിപ്പിച്ചു. സിനിമയെ സാഹിത്യത്തോട് അടുപ്പിച്ച സംവിധായകനായിരുന്നു. ഏറ്റവും കൂടുതൽ സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകനുമാണ്. അനുഭവങ്ങൾ പാളിച്ചകൾ, ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, പണി തീരാത്ത വീട്. കന്യാകുമാരി, വേനൽകിനാവുകൾ, ഓടയിൽ നിന്ന്, സ്ഥാനാർത്ഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന തുടങ്ങിയ എക്കാലവും ഓർമ്മിക്കപ്പെടുന്ന സിനിമകൾ ഒരുക്കിയ സംവിധായകനായിരുന്നു. സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന്, അടിമകൾ, കരകാണാക്കടൽ, പണിതീരാത്ത വീട് തുടങ്ങിയ ചിത്രങ്ങൾക്ക് മികച്ച മലയാള ചിത്രങ്ങൾക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ വൽസല, മക്കൾ സോനുകുമാർ,സന്തോഷ്,ഉമ എന്നിവർ.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News