Thursday, July 29, 2021

ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് നേടുമ്പോൾ ടീമിൽ അംഗമായിരുന്ന യശ്പാൽ ശർമ അന്തരിച്ചു

Must Read

ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് നേടുമ്പോൾ ടീമിൽ അംഗമായിരുന്ന യശ്പാൽ ശർമ അന്തരിച്ചു. ഹൃദയാഘാതാത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. ലക്ഷണമൊത്ത മധ്യനിര ബാറ്റ്സ്മാനായിരുന്നു പഞ്ചാബിൽനിന്ന് ഉയർന്നുവന്ന യശ്പാൽ ശർമ. ഇന്ത്യയ്ക്കായി 37 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചു. രേണു ശർമയാണ് ഭാര്യ. പ്രീതി, പൂജ, ചിരാഗ് ശർമ എന്നിവർ മക്കൾ.

1983ൽ കപിൽ ദേവിന്റെ കീഴിൽ ഇന്ത്യ കിരീടം ചൂടുമ്പോൾ, തകർപ്പൻ പ്രകടനം പുറത്തെടുത്ത യശ്പാലിന്റെ പ്രകടനവും നിർണായകമായിരുന്നു. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 60 റൺസെടുത്ത യശ്പാൽ, ടൂർണമെന്റിലാകെ 34.28 ശരാശരിയിൽ 240 റൺസാണ് അടിച്ചുകൂട്ടിയത്.

വിരമിച്ച ശേഷം അംപയറായും സിലക്ടറായും പരിശീലകനായും സേവനം ചെയ്തു. 2003–2006 കാലഘട്ടത്തിലും 2008ലും ദേശീയ ടീം സിലക്ടറായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിന്റെ പരിശീലകനായിരുന്നു.

1954 ഓഗസ്റ്റ് 11ന് ലുധിയാനയിലായിരുന്നു ജനനം. 1972ൽ ജമ്മു കശ്മീർ സ്കൂൾസിനെതിരായ മത്സരത്തിൽ പഞ്ചാബ് സ്കൂൾസിനായി 260 റൺസ് അടിച്ചാണ് യശ്പാൽ ആദ്യമായി വാർത്തകളിൽ ഇടംപിടിച്ചത്. രണ്ടു വർഷത്തിനുള്ളിൽ പഞ്ചാബ് ടീമിലേക്ക് വിളിയെത്തി. ചന്ദ്രശേഖറും ഇ.പ്രസന്നയും വെങ്കട്ടരാഘവനും ഉൾപ്പെടുന്ന ദക്ഷിണ മേഖലയ്‌ക്കെതിരെ ഉത്തര മേഖലയ്ക്കായി ദുലീപ് ട്രോഫിയിൽ 173 റൺസടിച്ചാണ് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ നേടിയത്.

1978 മുതൽ 1983 വരെ നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ 37 ടെസ്റ്റുകൾ കളിച്ചു. രണ്ട് സെഞ്ചുറിയും ഒൻപത് അർധസെഞ്ചുറികളും സഹിതം 1606 റൺസ് നേടി. 1979ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു രാജ്യാന്തര ടെസ്റ്റ് അരങ്ങേറ്റം. ഏകദിന ലോകകപ്പിനു പിന്നാലെ വെസ്റ്റിൻഡീസിനെതിരെയായിരുന്നു അവസാന ടെസ്റ്റ്.

1978ൽ പാക്കിസ്ഥാനെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച യശ്പാൽ 42 മത്സരങ്ങളിൽനിന്ന് 28.48 ശരാശരിയിൽ 883 റൺസ് നേടി. ഇതിൽ നാല് അർധസെഞ്ചുറികളും ഉൾപ്പെടുന്നു.

രഞ്ജി ട്രോഫിയിൽ ഹരിയാന, റെയിൽവേസ്, പഞ്ചാബ് ടീമുകൾക്കായി കളിച്ചിട്ടുള്ള യശ്പാൽ, 163 മത്സരങ്ങളിൽനിന്ന് 21 സെഞ്ചുറികൾ സഹിതം 8933 റൺസ് നേടി. പുറത്താകാതെ നേടിയ 201 റൺസാണ് ഉയർന്ന സ്കോർ.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News