വായനയ്ക്ക് പ്രചോദനമേകാൻ വനിതാ ലൈബ്രേറിയന്റെ
വരികളിലൂടെ ഒരു അക്ഷരപ്പാട്ട്.

0

പെരുമ്പാവൂർ: പുസ്തകങ്ങളോടൊത്ത് വർഷങ്ങളായുള്ള നിരന്തര സഹവാസവും വായനയും അതിലുപരി ചെറുപ്പം മുതലെ പാട്ടുകളോടുള്ള
കലശലായ ഇഷ്ടവുമാണ് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഗ്രാമീണ വായനശാലകളിലൊന്നായ ഇടവൂർ നവോദയയിലെ ലൈബ്രേറിയനായ മഞ്ജുള ഹർഷകുമാറിനെ ഒരു പാട്ടെഴുത്തുകാരികൂടിയാക്കിയത്. ഇത്തവണ ലൈബ്രറി, വായനാദിനത്തിൽ സംഘടിപ്പിച്ച പി. എൻ. പണിക്കർ അനുസ്മരണ സമ്മേളനം പ്രദേശത്തെ അക്ഷരസ്നേഹികളുടെ കൂട്ടായ്മ കൊണ്ട് ശ്രദ്ധേയമായിരുന്നു. ജൂലൈ 7 വരെ നീണ്ടുനിൽക്കുന്ന വായനാപക്ഷാചരണത്തിന്റെ ഭാഗമായി മഞ്ജുള എഴുതിയ ഒരു ഗാനം ഔദ്യോഗികമായി പുറത്തിറക്കിയത് കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ആയിരുന്നു. ‘അക്ഷരദീപം’ എന്ന പേരിൽ ദൃശ്യവത്കരിച്ച ഇതിന്റെ വീഡിയോ രൂപാന്തരം യു-ട്യൂബിൽ ഇപ്പോൾ ലഭ്യമാണ്. അക്ഷരസ്നേഹികളെ ഒത്തൊരുമിച്ചിടാം.. എന്ന ഗാനം വായനാദിനത്തിൽ ഒത്തുകൂടിയവർക്ക് വേറിട്ടൊരനുഭവമായി. വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ മലയാളികൾക്ക് മനസ്സിലാക്കി തന്ന പി.എന്‍ പണിക്കരുടെ ഓർമ്മകളിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുകയാണ് മഞ്ജുള തന്റെ വരികളിലൂടെ. 1966-ൽ പ്രദേശത്തെ പൗരപ്രമുഖനായിരുന്ന കോമു സാഹിബ്ബിന്റെ പരിശ്രമത്തിലൂടെ സ്ഥാപിതമായ വായനാശാലയുടെ ചരിത്രവഴികളിലേയ്ക്കു കൂടി ഈ ഗാനശില്പം നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു. അഞ്ഞൂറോളം വരിക്കാരും പതിമൂവായിരത്തിൽപ്പരം പുസ്കങ്ങളുടെ ശേഖരവും സ്വന്തമായുള്ള ഈ ഗ്രാമീണവായനശാലയിൽ ആരംഭകാലത്ത് പി. എൻ. പണിയ്ക്കർ നേരിട്ടെത്തിയ ചരിത്രവും സ്വന്തമായുണ്ട്. അതുകൊണ്ടുതന്നെ നീലംപേരൂരിൽ പി. എൻ. പണിയ്ക്കർ സ്ഥാപിച്ച സനാതനധർമ്മ വായനശാലയും അമ്പലപ്പുഴയിലെ പി. എൻ. പണിയ്ക്കർ സ്മാരക ഗ്രന്ഥശാലയും ഗാനപശ്ചാത്തലത്തിൽ ദൃശ്യവത്കരിയ്ക്കാൻ സംഘാടകർ ശ്രമിച്ചിട്ടുണ്ട്. നവമാധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനിടയിൽ പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഹ്വാനമാണ് അക്ഷരദീപം എന്ന ഗാനത്തിലൂടെ ജനങ്ങൾക്കു നൽകുന്നതെന്ന് മഞ്ജുള ഹർഷകുമാർ പറഞ്ഞു. വിനോദ് അനന്തൻ സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ ഓർക്കസ്‌ട്രേഷനും റെക്കോർഡിംഗും നിർവ്വഹിച്ചിരിക്കുന്നത് കാലടി സാസാ സ്റ്റുഡിയോയിലെ പി. എസ്. ആഷ്‌ലിൻ ആണ്. ഗ്രന്ഥശാലയുടെ തൊട്ടടുത്തുള്ള ഇടവൂർ യു.പി. സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ ഇടവൂർ മിത്ര മഞ്ജുളയ്ക്ക് മികച്ച ഗാനരചനയ്ക്കുള്ള പ്രതിഭാപുരസ്‌കാരം നൽകി ആദരിച്ചത് കഴിഞ്ഞ മാസമാണ്. കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിലുമായി ചേർന്ന് നിരവധി പൊതുജനബോധവത്കരണ പരിപാടികൾ നവോദയ വായനശാലയിൽ മഞ്ജുളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ചിട്ടയായ പുസ്തക വിതരണത്തിലും അവയുടെ സംരക്ഷണത്തിലും വായനയിഷ്ടപ്പെടുന്ന കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നതിലും മഞ്ജുള ഒരു മാതൃകയായാണ്. ലൈബ്രറിയിൽ പുസ്തകങ്ങളോടുത്തുള്ള സഹവാസവും പാട്ടെഴുത്തും ഒരാത്മസമർപ്പണമായാണ് മഞ്ജുള കാണുന്നത്. പത്തു വർഷമായി വായനാശാലാ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇതിനോടകം ഭക്തിഗാനങ്ങളടക്കം പല ആൽബങ്ങളിലും മഞ്ജുളയുടെ വരികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ ഫെബ്രുവരിയിൽ നടന്ന കാവടി രഥമഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ മഞ്ജുളയുടെ ഇടവൂർപൂരം നമ്മുടെപൂരം.. എന്ന ആൽബത്തിന്റെ പ്രകാശനകർമ്മം ചലച്ചിത്രനടൻ സുരേഷ്ഗോപിയായിരുന്നു പ്രകാശനം ചെയ്തത്. മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വചനാമൃതം, 2021-ൽ നവരാത്രിയോടനുബന്ധിച്ച് പുറത്തിറങ്ങിയ മൂകാംബികാ സ്തുതിയായ നാദാത്മികം തുടങ്ങി നിരവധി ഗാനങ്ങൾ മഞ്ജുളയുടെ തൂലികത്തുമ്പിൽ വിരിഞ്ഞിട്ടുണ്ട്. തൃശൂർ പഴയന്നൂരാണ് മഞ്ജുളയുടെ സ്വദേശം. ഒറ്റപ്പാലം എൻ. എസ്പ. എസ്ഠ. കോളേജിൽ പഠിയ്ക്കുന്ന കാലത്ത് തുടങ്ങിയതാണ് മഞ്ജുളയ്ക്ക് കവിതകളോടുള്ള ഇഷ്ടം. ഭർത്താവ് ഇടവൂർ കളപ്പുരയ്ക്കൽ കെ.ജി. ഹർഷകുമാർ കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ മാമല കെല്ലിൽ ജീവനക്കാരനാണ്. ദിയയാണ് മകൾ. ഗാനപ്രകാശനച്ചടങ്ങിൽ ഒക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, വാർഡ് മെമ്പർ ഷുഹൈബ ഷിഹാബ്, ലൈബ്രറി സെക്രട്ടറി ശരത് എ. എം., ഒക്കൽ ഗ്രാമപ്പഞ്ചായത്ത് ഗ്രന്ഥശാലാ നേതൃസമിതി പ്രസിഡന്റ് കെ.ഡി. ഷാജി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. ജെ. ബാബു, വനിതാവേദി സെക്രട്ടറി അജിത സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: വായനാദിനത്തോടനുബന്ധിച്ച് ഇടവൂർ നവോദയ ഗ്രാമീണവായനശാലയിലെ ലൈബ്രേറിയൻ മഞ്ജുള ഹർഷകുമാർ
എഴുതിയ പാട്ടിന്റെ പ്രകാശനം കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് നിർവ്വഹിയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here