Monday, July 26, 2021

കൊച്ചുകുഞ്ഞുങ്ങൾക്കുള്ള ഉടുപ്പുകൾ തുന്നുന്നത് മക്കളെ കൊന്നതിന് ശിക്ഷിക്കപ്പെട്ട സ്ത്രീകളാകാം, കുട്ടികൾക്കായി പാവകളുണ്ടാക്കുന്നത് അവരോട് നിഷ്കരുണം ക്രൂരത പ്രവർത്തിച്ചവരാകാം… വനിത ജയിലിലെ കാഴ്ചകൾ

Must Read

തിരുവനന്തപുരം: കൊച്ചുകുഞ്ഞുങ്ങൾക്കുള്ള ഉടുപ്പുകൾ തുന്നുന്നത് മക്കളെ കൊന്നതിന് ശിക്ഷിക്കപ്പെട്ട സ്ത്രീകളാകാം. കുട്ടികൾക്കായി പാവകളുണ്ടാക്കുന്നത് അവരോട് നിഷ്കരുണം ക്രൂരത പ്രവർത്തിച്ചവരാകാം. കൊടും കുറ്റവാളികൾ മുതൽ ലഘു കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ വരെയുള്ള വനിതകളുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ വനിതാ ജയിലുകളിൽ ഒന്നായ അട്ടക്കുളങ്ങര വനിതാ ജയിലിലെ ഉൾകാഴ്ചകൾക്ക് പക്ഷേ ശാന്തിയുടെയും സമാധാനത്തിന്റെയും സ്വഭാവമാണ്. പഠനത്തിന്റേയും വായനയുടെയും അച്ചടക്കത്തിന്റെയും അന്തരീക്ഷം. ഈ തടവുകാരുടെ കൂട്ടത്തിൽ സ്വപ്ന സുരേഷുണ്ട്. അഭയ കേസിലെ പ്രതി സിസ്റ്റർ സ്റ്റെഫിയുണ്ട്, സ്വന്തം കുഞ്ഞിനെക്കൊല്ലാൻ കൂട്ടുനിന്ന അനുശാന്തിയുണ്ട്, വിചാരണ തടവുകാരുണ്ട്.


തടവുകാർ നിർമ്മിച്ച നെറ്റിപ്പട്ടം
വിളയുന്നു പച്ചക്കറി


ജയിൽപ്പുള്ളികൾ സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ കൊണ്ട് അടുക്കള വിഭവങ്ങൾ ഉണ്ടാക്കുന്നു. ഇഡലിയും സാമ്പാറും ദോശയും ചമ്മന്തിയും ജാമും അച്ചാറുമൊക്കെയായി അതിരാവിലെ തന്നെ ജയിൽ അടുക്കളയിൽ അവർ നിറയുന്നു. ഓണത്തിന്റെ വിളവെടുപ്പിനായി ഒരുങ്ങുകയാണ് ജയിലിനുള്ളിലെ ഈ വനിതാ കർഷകർ.

ഭക്ഷണ സാധനങ്ങൾ മാത്രമല്ല, സോപ്പും സോപ്പുപൊടിയും, തിരിയും ചന്ദനത്തിരിയും സെറ്റുസാരിയും വരെ വിപണിയിൽ എത്തിക്കുന്നുണ്ട് ഇവർ. ആനയുടെ നെറ്റിപ്പട്ടവും തിടമ്പും നിർമിക്കുന്ന വനിതാ ജയിൽ എന്ന സവിശേഷതയും അട്ടക്കുളങ്ങരയ്ക്കുണ്ട്. സൂക്ഷ്മത വേണ്ട ഇത്തരം പ്രവൃത്തികളിലൂടെ ക്ഷമയും സഹിഷ്ണതയും കൂടി അവർ പരിശീലിക്കുന്നു. ഈ ജോലികളിലൂടെ ചെറുതല്ലാത്ത തുക പ്രതിഫലവും ഇവർ സ്വരുക്കൂട്ടുന്നു.

വായന വിശാലം

വിശാലമായ ലൈബ്രറിയാണ് ഇവിടെയുള്ളത്. ഒരുപാടു വായനക്കാര്‍ ഉണ്ടെന്ന് സൂപ്രണ്ട് എസ്. സോഫിയ ബീവി. നിയമ ബിരുദവും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും നേടിയ സോഫിയ കേരളത്തിൽ നിന്നും വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതി മെഡൽ ആദ്യമായി നേടിയ വനിതാ ഉദ്യോഗസ്ഥയാണ് .ടീച്ചറും നഴ്സിംങ് അസിസ്റ്റന്റും വെൽഫെയർ ഉദ്യോഗസ്ഥയുമടക്കം ഒട്ടേറെ വനിതാ ജീവനക്കാർ കുറ്റവാളികളുടെ നല്ല നടത്തിപ്പിനായി ഉണ്ട്.

മുണ്ടാണ് പ്രിയം

അന്തേവാസികൾക്ക് വെള്ളനിറത്തിലുള്ള മുണ്ടും ബ്ലൗസും ഷാളുമാണ് വസ്ത്രം. വെള്ള സാരി തിരഞ്ഞെടുക്കാമെങ്കിലും കൂടുതൽ പേരും മുണ്ടാണ് ധരിക്കുന്നത്. ഓരോ മൂന്നു മാസം കൂടുമ്പോഴും സർക്കാർ പുതിയ വസ്ത്രങ്ങൾ നൽകും. എന്നാൽ വിചാരണ തടവുകാർ വസ്ത്രങ്ങൾ സ്വയം കരുതണം. പലപ്പോഴും ബന്ധുക്കളും മറ്റും ഇവ എത്തിച്ചു നൽകും.

നല്ല ഭക്ഷണവും

ആഴ്ചയിൽ രണ്ടു ദിവസം മീനും മട്ടനും ചിക്കനുമടക്കം നല്ല ഭക്ഷണമാണ് ജയിലിൽ . ഓണവും കേരളപിറവിയുമടക്കം വർഷത്തിൽ പത്തു ദിവസം വിഭവസമൃദ്ധമായ സദ്യയുമുണ്ട്. പ്രാഥമിക വിദ്യാഭ്യാസം ജയിലിനുള്ളിൽ നൽകും. പലരെയും ഏഴാം ക്ളാസും എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളും എഴുതിച്ചു. തുടർ വിദ്യാഭ്യാസം വേണ്ടവർക്ക് ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി ഡിപ്ലോമ കോഴ്സുകളും പഠിക്കാം . കോളേജിന്റെയും യൂണിവേഴ്സിറ്റികളുടെയും വിദൂര വിദ്യാഭ്യാസ സാദ്ധ്യതകൾ ഉപയോഗിച്ചും പരിശീലനങ്ങൾ നൽകുന്നുണ്ട്.

Leave a Reply

Latest News

മൂന്നു പേരെ പുറത്താക്കി, രണ്ടു പേരെ തരംതാഴ്ത്തി, ഒരാളെ ഒരു വർഷത്തേക്ക് സസ്പെപെൻഡ് ചെയ്തു, ഏരിയ സെക്രട്ടറിയെ മാറ്റി;കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ടവർക്കെതിരെ കർശന നടപടിയുമായി സി.പി.എം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ടവർക്കെതിരെ കർശന നടപടിയുമായി സി.പി.എം. എട്ട് പേർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചു. ഇന്ന് ചേർന്ന തൃശൂർ ജില്ലാ കമ്മിറ്റി...

More News