Sunday, September 26, 2021

ഐഎസ് ഭീകരതയുടെ ഏറ്റവും വലിയ ഇരകൾ എന്നും സ്ത്രീകളായിരുന്നു. കന്യകകളായ സ്ത്രീകൾ

Must Read

കാബൂൾ: താലിബാൻ ഭീകരത ഒരിക്കൽ അനുഭവിച്ചറിഞ്ഞവരാണ് അഫ്ഗാൻ ജനത. തിരിച്ചുവരവിൽ താലിബാനെ അവർ അത്രമേൽ ഭയക്കുന്നതും അതുകൊണ്ടു തന്നെ. സ്ത്രീകളുടെയും കുട്ടികളുടെയും സ്വതന്ത്ര ജീവിതത്തിനു ബോർഡർ വരികയാണ്. പഴയ ശരീയത്ത് നിയമം വീണ്ടും നടപ്പാക്കാൻ താലിബാൻ തയ്യാറായാൽ താറുമാറാകുന്നത് അഫ്‌ഗാനിലെ സ്ത്രീകളുടെ ജീവിതമാണ്. പഴയ നിയമങ്ങൾ ഉണ്ടാകില്ലെന്നും സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഉണ്ടാകുമെന്നും താലിബാൻ അവകാശപ്പെടുമ്പോഴും അവരുടെ പ്രവർത്തികൾ ജനങ്ങൾക്ക് സമ്മാനിക്കുന്നത് സമാധാനമോ സുരക്ഷിതത്വമോ അല്ല, പകരം ഭയമാണ്.

തല മുതൽ പാദം വരെ മൂടുന്ന ഒറ്റവസ്ത്രമായ ബുർഖ ധരിക്കാത്തതിന്റെ പേരിൽ പൊതുമധ്യത്തിൽ വെച്ച് കഴിഞ്ഞ ദിവസം താലിബാൻ തീവ്രവാദി ഒരു സ്ത്രീയെ വെടിവെച്ച് കൊലപ്പെടുത്തിയതും മാതാപിതാക്കളുടെ കയ്യിൽ നിന്നും ചെറിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതും താലിബാന്റെ ‘ക്രൂര’ മുഖം തെളിയിക്കുന്ന സംഭവങ്ങളായിരുന്നു. താലിബാന്റെ സ്ത്രീകളോടുള്ള സമീപനം കാണുമ്പോൾ ലോകജനതയ്ക്ക് ‘ഐ.എസ്’ ഭീകരരുമായി സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് യാദൃശ്ചികമല്ല. കാരണം, താലിബാനും ഐഎസും തമ്മിൽ അധികം ദൂരവ്യത്യാസമില്ല, ഇരുവരുടെയും കാഴ്ചപ്പാടുകൾ ഏതാണ്ട് ഒരുപോലെയാണ്. സ്ത്രീകളെ ‘വെറും വസ്തുവായി’ മാത്രം കാണുന്നവർ. ഇവർ രണ്ട് കൂട്ടരും തങ്ങളുടെ സംഘടനകളിലേക്ക് ആളുകളെ കൂട്ടുന്നത് ‘ഇഷ്ടം പോലെ സ്ത്രീകളെ തരാം’ എന്ന മോഹന വാഗ്ദാനത്തിലൂ.ടെയാണ്. ഒരു വിൽപ്പന ചരക്ക് ആയി മാത്രമാണ് ഐ എസ് സ്ത്രീകളെ കാണുന്നത്.

ഐഎസ് ഭീകരതയുടെ ഏറ്റവും വലിയ ഇരകൾ എന്നും സ്ത്രീകളായിരുന്നു. കന്യകകളായ സ്ത്രീകൾ. സ്ത്രീവിരുദ്ധ കാര്യത്തിൽ താലിബാൻ പിന്തുടരുന്നത് ഐ എസിന്റെ നയങ്ങളാണ്. ഐഎസിന്റെ പ്രവർത്തികൾ താലിബാനും അതേപടി പകർത്തിയാൽ അഫ്‌ഗാനിലെ സ്ത്രീകൾ അനുഭവിക്കേണ്ടി വരിക നാദിയാ മുറാദ് ബസി താഹയെന്ന 22കാരിയുടെ ‘പഴയ, ഇരുട്ട് നിറഞ്ഞ’ ജീവിതമായിരിക്കും. 2014 ഓഗസ്റ്റിലായിരുന്നു മാതാവും 6 സഹോദരൻമാരും അടങ്ങിയ ‘സമാധാന’ ലോകത്ത് നിന്നും ക്രൂരതകൾ നിറഞ്ഞ ലോകത്തേക്ക് ഐ.എസ് നാദിയയെ പറിച്ചെടുത്തത്.

വടക്കൻ ഇറാഖിലെ സിൻജാർ താഴ്‌വരയിലെ കോച്ചോ എന്ന ഗ്രാമത്തിലായിരുന്നു യസീദി വംശജയായ നാദിയ താമസിച്ചിരുന്നത്. തോക്കേന്തിയ ഐ.എസ് ഭീകരർ ഗ്രാമത്തിലെ സ്ത്രീകളെ ഒരു മുറിയിൽ പൂട്ടിയിട്ടു. പുരുഷന്മാരെ വെടിവെച്ച് കൊന്നു, നാദിയയുടെ ആറ് സഹോദരന്മാർ അടക്കം അന്ന് വെടിയേറ്റ് വീണത് 312 പുരുഷന്മാർ ആയിരുന്നു. പ്രായമായവരെ തിരഞ്ഞുപിടിച്ച് വെടിവെച്ച് കൊലപ്പെടുത്തി. കൂട്ടത്തിൽ നാദിയയുടെ മാതാവുമുണ്ടായിരുന്നു. ഒരു ദിവസം കൊണ്ട് സഹോദരന്മാരെയും അമ്മയെയും നാടും വീടും എല്ലാം നഷ്ടമായ നാദിയയ്ക്ക് പിന്നീട് അനുഭവിക്കേണ്ടി വന്നത് ക്രൂരതകളായിരുന്നു. കൊലപ്പെടുത്തിയ സ്ത്രീകളെ എല്ലാവരെയും ഒരുമിച്ച് വലിയൊരു കുഴിയിൽ ഇട്ട് മണ്ണിട്ട് മൂടി. പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തിയ കൂട്ടത്തിൽ ചില ചെറുപ്പക്കാരികളും ഉണ്ടായിരുന്നു. ശരീര ഭംഗിയില്ലെന്ന് തോന്നിയവരെയായിരുന്നു ഐ.എസ് ഇത്തരത്തിൽ കൊലപ്പെടുത്തിയത്.

നാദിയ അടക്കമുള്ള യസീദി യുവതികളെ ട്രക്കിൽകുത്തി നിറച്ച് അന്ന് മൊസൂളിലേക്കു കൊണ്ടുപോയി. ഇവരെയെല്ലാം കച്ചവടത്തിന് വെച്ചു. എല്ലാവരെയും നല്ല പൈസയ്ക്ക് തന്നെ വിറ്റു. ആരും വാങ്ങാനില്ലാതെ ബാക്കി വന്നവരെ നിർദാക്ഷണ്യം കൊലപ്പെടുത്തി. കന്യകകളായ യുവതികൾക്കായി തടിച്ചുകൂടിയ പുരുഷാരം ഇന്നും നാദിയ ഭയപ്പാടോടെ ഓർക്കുന്നു. ഐ.എസിനെതിരെയോ ഭീകരർക്കെതിരെയോ തങ്ങളെ വാങ്ങിയവർക്കെതിരെയോ ചൂണ്ടുവിരൽ ഉയർത്താൻ പോലും ഈ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല.

ഐഎസിലെ ഒരു ജ‍ഡ്ജിയായിരുന്നു നാദിയയെ വിലക്കുവാങ്ങിയത്. അയാൾ മതം മാറാൻ നിർബന്ധിച്ചെങ്കിലും നാദിയ കൂട്ടാക്കിയിരുന്നില്ല. ഒരു മാസത്തോളം അയാളുടെ ലൈംഗിക വൈകൃതങ്ങൾക്കെല്ലാം നാദിയ ഇരയായി. മടുത്തപ്പോൾ മറ്റൊരാൾക്ക് വിറ്റു. അയാൾ, ആദ്യത്തെയാളെക്കാൾ വൈകൃത മനസുള്ള ആളായിരുന്നു. മൂന്ന് മാസത്തോളം ഐ.എസിന്റെ ലൈംഗിക അടിമയായിരുന്നു നാദിയ. ലൈംഗിക അടിമയാക്കപ്പെട്ട സ്ത്രീകൾ ഗർഭിണിയാകാതിരിക്കാൻ മരുന്നുകൾ കുത്തി വച്ചും കഴിപ്പിച്ചും ജനനനിയന്ത്രണം നടത്തിയിരുന്നു. ഐ.എസ് ഭീകരരിൽ നിന്നും ഓടിരക്ഷപെട്ട നാദിയയ്ക്ക് സഹായമായത് ഇറാഖിലെ ഒരു മുസ്‌ലിം കുടുംബമായിരുന്നു. ഇവരുടെ സഹായത്തോടെ കുർദ് സേനയുടെ നിയന്ത്രണത്തിലുള്ള യസീദി അഭയാർഥി ക്യാംപിൽ എത്തിയ നാദിയ പിന്നീട് ജർമനിയിലേക്ക് പോവുകയായിരുന്നു.

2015ൽ യുഎൻ രക്ഷാസമിതിയിൽ ഇക്കാര്യങ്ങളെല്ലാം നാദിയ നിറകണ്ണുകളോടെയാണ് പറഞ്ഞവസാനിപ്പിച്ചത്. ഭീകരതയ്ക്കും മനുഷ്യക്കടത്തിനും എതിരെ പോരാടാനും യസീദികളുടെ അവകാശങ്ങൾ നേടിയെടുക്കാനുമായി പൊരുതിയ നാദിയ 2018ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടി. ‘ദ് ലാസ്റ്റ് ഗേൾ’ എന്ന പുസ്തകത്തിൽ താൻ അനുഭവിച്ച, തന്റെ സമൂഹം അനുഭവിച്ച, തന്റെ സ്ത്രീകൾ അനുഭവിച്ച യാതനകളും ക്രൂരതകളും നാദിയ തുറന്നെഴുതിയിട്ടുണ്ട്.

ഇത്തരത്തിൽ സ്ത്രീകളെ ആക്രമിച്ച് കീഴടക്കി ലൈംഗിക അടിമയാക്കി വെക്കുന്ന ഐ.എസിന്റെ പാതയിലാണ് താലിബാനിപ്പോൾ. ശരീയത്ത് ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സ്ത്രീ സ്വാതന്ത്യത്തെ ബഹുമാനിക്കുന്നുവെന്നാണ് ‘പുതിയ’ താലിബാൻ നേതാക്കൾ പറയുന്നത്. എന്നാൽ, അഫ്ഗാനിസ്ഥാൻ എന്ന രാജ്യം ശരീയത്ത് നിയമത്തിന്റെ ചട്ടക്കൂടിൽ മാത്രമാണുണ്ടാവേണ്ടതെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ആവർത്തിച്ചതോടെ ജനങ്ങളുടെ ആ പ്രതീക്ഷയും അസ്തമിച്ചു.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News