മുംബൈ: ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയായ വനിതാ പോലീസുകാരിയും കാമുകനും അറസ്റ്റിൽ. വസായിയിൽ പുണ്ഡലിക് പാട്ടീൽ എന്നയാളെ ഓട്ടോയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പൊലീസ് നടപടി. പുണ്ഡലികിന്റെ ഭാര്യയും പൽഗർ ജില്ലാ പൊലീസിലെ കോൺസ്റ്റബിളുമായ സ്നേഹൽ പാട്ടീൽ, കാമുകനും പൊലീസ് ഓഫീസറുമായ വികാസ് പാസ്തെ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വികാസ് പാട്ടീൽ എന്നയാളേയും സംഭവത്തിൽ അറസ്റ്റുചെയ്തിരുന്നു. ഇതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
സ്നേഹലിേന്റയും വികാസ് പാസ്തയുടേയും ബന്ധത്തെ പുണ്ഡലിക് പാട്ടീൽ ചോദ്യം ചെയ്തിരുന്നതായും ഇതിനെചൊല്ലി വികാസിന്റെ സാന്നിധ്യത്തിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായും പൊലീസ് പറയുന്നു. സ്നേഹലാണ് കൊലപാതകത്തിൽ പ്രധാനമായും ഗൂഢാലോചന നടത്തിയത്. സുഹൃത്തുക്കളായ സ്വപ്നിൽ ഗോവരി (25), അവിനാശ് ഭോയർ (21) എന്നിവർക്ക് പുണ്ഡലികിനെ കൊല്ലാൻ 2.5 ലക്ഷം രൂപ നൽകാമെന്ന് വികാസ് വാഗ്ദാനം ചെയ്തു. തുടർന്ന് ഇരുവരും വികാസ് പാട്ടീലിനെ ഒപ്പംകൂട്ടി.
‘സംഭവ ദിവസം മൂവരും പാട്ടീലിന്റെ ഓട്ടോയെ കയറി സിർസത്തിലേക്ക് യാത്രയായി. പിന്നീട് മാനോറിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. യാത്രാമധ്യേ അവർ പാട്ടീലിന്റെ തലയിലും കഴുത്തിലും പിന്നിൽ നിന്ന് കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി. പിന്നീട് കൊലയാളികൾ മൃതദേഹം ഓട്ടോയുടെ പിൻ സീറ്റിലിരുത്തി വാഹനം കുഴിയിലേക്ക് മറിക്കുകയായിരുന്നു’-പൊലീസ് പറഞ്ഞു. അഞ്ച് പ്രതികളെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. മാർച്ച് 13 വരെ ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
നിരവധി സിസിടിവി ദൃശ്യങ്ങളുടെയും ആയിരക്കണക്കിന് കോൾ റെക്കോർഡുകളുടെയും പരിശോധനക്ക് ശേഷമാണ് കൊലയാളികളെ പോലീസ് കണ്ടെത്തിയത്. വികാസ്, ഗോവാരി, ഭോയർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതോടെ സ്നേഹലിന്റെ പങ്ക് വ്യക്തമാവുകയായിരുന്നു. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഔട്ട്സോഴ്സിങ് ഏജന്റാണ് പ്രതി സ്വപ്നിൽ ഗോവരി. അവിനാശ് ഭോയർ ഇലക്ട്രീഷ്യനാണ്.
English summary
Woman arrested for stabbing auto driver to death