കോഴിക്കോട്: പച്ചത്തേങ്ങ വ്യാപകമായി തമിഴ്നാട്ടിലേക്ക് കയറ്റിപ്പോകാൻ തുടങ്ങിയതോടെ, കൊപ്രയ്ക്കും വെളിച്ചെണ്ണക്കും വിപണിയിൽ വില കയറുന്നു. പച്ചത്തേങ്ങ വ്യാപകമായി തമിഴ്നാട്ടിലേക്ക് കയറ്റിപ്പോകാൻ തുടങ്ങിയതോടെ കൊപ്രവരവ് കുറഞ്ഞു. ഇതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ഒരു കിലോ പച്ചത്തേങ്ങക്ക് 45 മുതൽ 50 രൂപ വരെ കർഷകന് ലഭിക്കുന്നതിനാൽ പ്രാദേശികമായി നാളികേരം വിൽക്കാൻ മടിക്കുകയാണ്. കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രശാലകളിൽ 14,000 രൂപയാണ് ബുധനാഴ്ച ക്വിന്റലിന് വില. വെളിച്ചെണ്ണക്ക് 21, 300 രൂപയും. 220 രൂപ വരെയാണ് ചില്ലറവിൽപ്പന ശാലകളിൽ ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില.
മുമ്പ് പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കിയാണ് കർഷകർ വലിയങ്ങാടിയടക്കമുള്ള മൊത്തവ്യാപാര കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. കുറച്ചുകാലമായി തമിഴ്നാടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചവടക്കാർ നേരിട്ട് തേങ്ങ സംഭരിക്കുകയാണ്. കുറഞ്ഞ ചെലവിൽ കൊപ്രയുൽപ്പാദന സൗകര്യം തമിഴ്നാട്ടിലുണ്ട്. ഇവിടുത്തെ തേങ്ങ ഗുണനിലവാരമുള്ളതാണെന്നതും തമിഴ്നാട് വ്യാപാരികളെ ആകർഷിക്കുന്നു.
English summary
With the widespread export of green coconut to Tamil Nadu, the market price of copra and coconut oil has gone up.