മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ ക്യാമ്പിന്റെ അനുനയശ്രമം പാളിയതോടെ, അത് വെല്ലുവിളിയായി മാറി

0

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ ക്യാമ്പിന്റെ അനുനയശ്രമം പാളിയതോടെ, അത് വെല്ലുവിളിയായി മാറി. നാല് എംഎൽഎമാരെ കൂടി അയോഗ്യരാക്കാൻ ശിവസേന അപേക്ഷ നൽകി. ആകെ 16 വിമത എംഎൽഎമാരെ അയോഗ്യരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിമത എംഎൽഎമാർ പാർട്ടിയിൽ അവിശ്വാസം സൃഷ്ടിക്കുക ആണെന്നും, സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും, ഉദ്ധവ് താക്കറെ പക്ഷം ആരോപിക്കുന്നു. സമാന സാഹചര്യങ്ങളിൽ, കർണാടകത്തിലെ വിമതരെ അയോഗ്യരാക്കിയത് സുപ്രീം കോടതി ശരി വച്ചതാണ് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, ശിവസേനയിലെ 40 അടക്കം, 50 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ അവകാശപ്പെടുന്നത്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാരോട് മുംബൈയിലേക്കെത്താനും ശിവസേന വെല്ലുവിളിച്ചു. വിശ്വാസ വോട്ടെടുപ്പിൽ തങ്ങൾക്ക് ഭൂരിപക്ഷം തെളിയിക്കാനാകുമെന്നാണ് സഞ്ജയ് റാവുത്തിന്റെ അവകാശവാദം. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സഞ്ജയ് റാവുത്ത് ഈ വെല്ലുവിളി മുഴക്കിയത്. ഞങ്ങൾ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കും, വിമതർക്ക് മുന്നിൽ തളരില്ല. അവർ തെറ്റായ വഴിയാണ് സ്വീകരിച്ചത്. ഞങ്ങൾ അവർക്ക് മുംബൈയിലേക്ക് മടങ്ങാനുള്ള അവസരവും നൽകി. ഇപ്പോൾ, ഞങ്ങൾ അവരെ മുംബൈയിലേക്ക് വരാൻ വെല്ലുവിളിക്കുന്നു’, റാവുത്ത് പറഞ്ഞു. ശേഷിക്കുന്ന രണ്ടര വർഷം മഹാവികാസ് അഘാഡി സർക്കാർ പൂർത്തീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇതിനിടെ ഗുവാഹട്ടിയിലുള്ള ഏക്നാഥ് ഷിന്ദേ മുംബൈയിലേക്ക് തിരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, താൻ നിലവിൽ അസമിൽ തന്നെയാണ് ഉള്ളതെന്ന് ഷിന്ദേ പ്രതികരിച്ചിട്ടുണ്ട്. വിമതരോട് മുംബൈയിലേക്കെത്താൻ ഉദ്ധവ് താക്കറെ 24 മണിക്കൂർ അന്ത്യശാസനം നൽകിയതായി ശിവസേന വൃത്തങ്ങളും അറിയിച്ചു.

നേരിട്ടുള്ള ചർച്ചകളും കൂടിക്കാഴ്ചയുമാണ് ഉദ്ധവ് താക്കറെ മുന്നോട്ട് വെക്കുന്നത്. 24 മണിക്കൂറിനുള്ളിൽ മുംബൈയിലേക്കെത്തിയില്ലെങ്കിൽ വിമതരുമായി കൂടുതൽ ചർച്ചകൾക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉദ്ധവ് അറിയിച്ചു. ഇതിനിടെ, നാസികിൽ ഏക്നാഥ് ഷിന്ദേയുടെ ചിത്രമുള്ള ബാനറുകളിൽ ശിവസേന പ്രവർത്തകർ കരിഓയിൽ ഒഴിച്ചു. അദ്ദേഹത്തിനെതിരെ മുദ്രവാക്യം വിളിച്ചു.

വിമത ക്യാമ്പും വെറുതെയിരിക്കുന്നില്ല. എൻസിപിയിൽ നിന്നുള്ള ഡപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിനെ നീക്കണമെന്ന് രണ്ടു സ്വതന്ത്ര എംഎൽഎമാർ ആവശ്യപ്പെട്ടു. ശിവസേന എംഎൽഎമാരെ അയോഗ്യരാക്കാനുള്ള അപേക്ഷയിൽ ഡപ്യൂട്ടി സ്പീക്കർ തീർപ്പ് കൽപ്പിക്കരുത് എന്നാണ് അരുണാചൽ പ്രദേശുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഉദ്ധരിച്ച് ഇവർ ആവശ്യപ്പെടുന്നത്. ഡപ്യൂട്ടി സ്പീക്കർ ഇന്ന് വിമത എംഎൽമാർക്ക് നോട്ടീസ് അയയ്ക്കുമെന്ന് പറയുന്നു. നോട്ടീസ് കിട്ടിയാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് വിമത എംഎൽഎമാരുടെ തീരുമാനം. ഇതിനൊപ്പം, പാർട്ടിയിലും ചിഹ്നത്തിലും അവകാശവാദം ഉന്നയിച്ച് ഷിൻഡെ ക്യാമ്പ് തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here