ഭുവനേശ്വർ:ഒഡിഷയിൽ കാട്ടുതീ പടരുന്നു. സിമലിപാൽ കടുവ സംരക്ഷണ കേന്ദ്രത്തിൽ ദിവസങ്ങൾക്കുമുമ്പ് ആരംഭിച്ച തീ തുടരുന്നതിനിടെ സമീപ്രദേശമായ കുൽദിഹ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലും ബൗധ് വനമേഖലയിലും ശനിയാഴ്ച കാട്ടുതീ പടർന്നു. സംസ്ഥാനത്ത് ശനിയാഴ്ച 359 സ്ഥലങ്ങളിൽ തീപ്പിടിത്തം തുടരുന്നതായി ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി. അഗ്നിരക്ഷാസേനയും വനംവകുപ്പു ജീവനക്കാരും കാട്ടുതീ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
സിമലിപാലിലെ 21 വനമേഖലകളിൽ എട്ടിലും തീ പടർന്നിട്ടുണ്ട്. 94 ഇനം ഓർക്കിഡുകൾ, 38 ഇനം മത്സ്യങ്ങൾ, 164 ഇനം ചിത്രശലഭങ്ങൾ, 55 ഇനം സസ്തനികൾ, 304 ഇനം പക്ഷികൾ, 21 ഇനം ഉഭയജീവികൾ എന്നിവയുടെ ആവാസകേന്ദ്രമാണ് സിമലിപാൽ.
മദ്യം നിർമിക്കുന്നതിനായി ഉപയോഗിക്കുന്ന മഹുവാ പൂക്കൾ ശേഖരിക്കാനും തടി കള്ളക്കടത്ത്, വേട്ടയാടൽ എന്നിവയ്ക്കായും വനമേഖലയിൽ അതിക്രമിച്ചു കടന്നവർ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതാണ് കാട്ടുതീയ്ക്കു കാരണമാകുന്നതെന്നാണ് കരുതുന്നത്. വേനൽക്കാലത്തിന് തുടക്കമായതും തീ വേഗത്തിൽ പടരാൻ കാരണമായതായി കണക്കാക്കുന്നു.
ഫെബ്രുവരി 27 മുതൽ 12,614 തീപ്പിടിത്തങ്ങളാണ് ഒഡിഷയിൽ ഉണ്ടായിട്ടുള്ളത്. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കാട്ടുതീയുടെ കാര്യത്തിൽ ഒഡിഷയാണ് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം. 4,490 തീപ്പിടിത്തവുമായി തെലങ്കാനയാണ് രണ്ടാം സ്ഥാനത്ത്. നവംബർ ഒന്നിന് ശേഷം ഒഡിഷയിൽ 16,494 തീപ്പിടിത്തങ്ങളാണുണ്ടായത്. രാജ്യത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.
English summary
Wildfires spread ,in Odisha