Sunday, September 19, 2021

ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ

Must Read

റാന്നി അങ്ങാടി വലിയകാവ് വട്ടാർകയം ചരിവുപുരയിടത്തിൽ രമേശനെ വെട്ടിക്കൊലപ്പെടുത്തിയ ഭാര്യ തുളസിയെ(55) ആണ് ശിക്ഷിച്ചത്. പത്തനംതിട്ട ജില്ലാ അഡീഷണൽ കോടതി-നാല് ജഡ്‌ജി ടി.പി.പൂജയുടേതാണ് വിധി. പിഴയടയ്ക്കുന്നില്ലെങ്കിൽ ആറുമാസം തടവുകൂടി അനുഭവിക്കേണ്ടിവരും.

കുടുംബകലഹത്തെത്തുടർന്ന് ഭാര്യ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2013 ഏപ്രിൽ 29-നായിരുന്നു സംഭവം. തലേദിവസം രാവിലെ തുളസിയുടെ സഹോദരിയുടെ മകളുടെ കല്യാണനിശ്ചയത്തിനായി രമേശും കുടുംബവും ഇവരുടെ വീട്ടിലേക്ക് മക്കളോടൊപ്പം പോയി. തിരികെ വൈകീട്ട് രമേശും തുളസിയും മാത്രമാണെത്തിയത്. കുട്ടികളെ അവിടെത്തന്നെ നിർത്തി. വീടുപണി തുടങ്ങിയതിനാൽ തൊട്ടടുത്ത് ഷെഡ്ഡുണ്ടാക്കി അതിലായിരുന്നു രമേശനും കുടുംബവും താമസം. സഹോദരൻ രബീന്ദ്രന്റെ വീടിനോടുചേർന്നാണിത്.പുലർച്ചെ ഷെഡ്ഡിൽ ഞരക്കംകേട്ടെത്തിയ രബീന്ദ്രൻ കണ്ടത് വെട്ടേറ്റ് രമേശൻ താഴെക്കിടക്കുന്നതാണ്. തുളസി വെട്ടുകത്തിയുമായി അരികിൽ നിൽക്കുന്നുണ്ടായിരുന്നു.

രബീന്ദ്രന്റെ കരച്ചിൽകേട്ട് അയൽവാസിയായ അന്നത്തെ അങ്ങാടി ഗ്രാമപ്പഞ്ചായത്തംഗം സുനിൽ ചെറുകാട് ഓടിയെത്തി. ഇവരുടെ നേതൃത്വത്തിൽ റാന്നി മാർത്തോമ്മാ ആശുപത്രിയിലെത്തിയപ്പോഴേക്കും രമേശൻ മരിച്ചു.

തുളസിയാണ് വെട്ടിയതെന്ന് രമേശൻ സുനിൽ ചെറുകാടിനോട് പറഞ്ഞിരുന്നു. സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷവിധിച്ചത്.

അന്നത്തെ റാന്നി സി.െഎ. ആയിരുന്ന ഇപ്പോഴത്തെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജെ.ഉമേഷ് കുമാറും എസ്.െഎ. വിജയനും (ഇപ്പോൾ മലയാലപ്പുഴയിൽ) ആണ് കേസന്വേഷിച്ചത്. രേഖ ആർ.നായരായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ.

“ നീതി കിട്ടിയതിൽ സന്തോഷം ”

റാന്നി: നീതി കിട്ടിയതിൽ വളരെ സന്തോഷം. കുറ്റംചെയ്തത് ആരായാലും രക്ഷപ്പെടരുത്. ഇത് പറയുമ്പോഴും സഹോദരൻ നഷ്ടപ്പെട്ടതിന്റെ വേദനയിൽ രബീന്ദ്രൻ വിതുമ്പി. ഭാര്യ തുളസിയുടെ വെട്ടേറ്റ് മരിച്ച റാന്നി വലിയകാവ് വട്ടാർകയം ചരിവുപുരയിടത്തിൽ രമേശന്‍റെ സഹോദരനാണ് രബീന്ദ്രൻ. തുളസിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുവെന്നറിഞ്ഞപ്പോഴായിരുന്നു സഹോദരന്റെ പ്രതികരണം. അവൻ അത്രയ്ക്ക് പാവമായിരുന്നു. ഷെഡ്ഡിനുള്ളിൽ കഴുത്തിന് വെട്ടേറ്റ് കിടന്നതും പൊക്കിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയതുമെല്ലാം ഇന്നത്തെപോലെ ഓർക്കുന്നു. അന്ന് ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന സുനിൽ ചെറുകാടും അയൽവാസികളും ഒപ്പമുണ്ടായിരുന്നു. അവളാണ് വെട്ടിയതെന്ന് മരിക്കുംമുമ്പ് കൊച്ചുമോൻ (രമേശ്) പറഞ്ഞിരുന്നു. റാന്നി മാർത്തോമ്മാ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. രബീന്ദ്രൻ സംഭവങ്ങൾ ഒാർത്തെടുത്തു.

2013 ഏപ്രിൽ 29-ന് പുലർച്ചെ ഭാര്യ, ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ വാർത്ത കേട്ടാണ് നാടുണർന്നത്. ഓടിയെത്തിയവർ രമേശൻ വെട്ടേറ്റുകിടക്കുന്ന കാഴ്ചയാണ് കണ്ടത്. വീടിനോട് ചേർന്ന ഷെഡ്ഡിൽ ഞരക്കംകേട്ട് അവിടെ എത്തിയതും ചോരയിൽ കുളിച്ച് അവൻ കിടക്കുന്നതുമെല്ലാം ഇപ്പോഴെന്നപോലെ മനസ്സിലുണ്ട്. ഒരു മാസത്തിലേറെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.

സംഭവത്തിനുശേഷം തുളസി വെട്ടുകത്തിയുമായി നിൽക്കുന്നത് ഇപ്പോഴും മറക്കാനാകുന്നില്ല. ആദ്യം ഓടിയെത്തിയ രബീന്ദ്രൻ അലറിക്കരയുന്നത് കേട്ടാണ് അയൽവാസികളായ അങ്ങാടി ഗ്രാമപ്പഞ്ചായത്തംഗം സുനിൽ ചെറുകാട് അടക്കം ഓടിയെത്തിയത്. ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ മൊഴിയിലാണ് റാന്നി പോലീസ് കേസെടുത്തത്. അന്നുതന്നെ തുളസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൃത്യമായി തെളിവുകൾ ശേഖരിച്ചത് പ്രതിക്ക് ജീവപര്യന്തം ശിക്ഷ കിട്ടാൻ സഹായകമായി. ഗ്രാമപ്പഞ്ചായത്തംഗമടക്കം മുപ്പതോളം സാക്ഷികളാണുണ്ടായിരുന്നത്. എല്ലാവരും അവരവർ കണ്ട കാര്യങ്ങൾ കൃത്യമായി പോലീസിനെ അറിയിച്ചതും പ്രതിക്ക് തക്ക ശിക്ഷ വാങ്ങിക്കൊടുക്കാൻ സഹായകമായതായി അന്നത്തെ സി.െഎ. ജെ.ഉമേഷ്‌കുമാറും എസ്.െഎ.വിജയനും പറഞ്ഞു. കീക്കൊഴൂരിൽ രണ്ടു പിഞ്ചുകുട്ടികളെ അച്ഛന്റെ സഹോദരൻ വെട്ടി കൊലപ്പെടുത്തിയ കേസും ഈ പോലീസ് സംഘമായിരുന്നു അന്വേഷിച്ചിരുന്നത്. ആ കേസിൽ പ്രതിക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്.

Leave a Reply

Latest News

വാഹനമിടിച്ച തള്ളപ്പൂച്ച ചത്തു; വയറുകീറിയെടുത്ത കുഞ്ഞുങ്ങളും

മമ്പാട്: കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ പാതയോരത്ത് മമ്പാട് തോട്ടിന്റക്കരയിൽ വാഹനമിടിച്ചിട്ട പൂച്ച ചത്തു. ഗർഭിണിയായ ഇതിന്റെ വയറ്റിൽ അനക്കം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ സന്നദ്ധ പ്രവർത്തകനെ അറിയിച്ചു. വയറുകീറി കുഞ്ഞുങ്ങളെ...

More News