ഭോപാൽ: ജോലി കഴിഞ്ഞ് വീട്ടിൽ വൈകിയെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഉറങ്ങികിടന്ന ഭർത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം.
39കാരനായ അരവിന്ദ് ആശിർവാറിന്റെ മുഖത്താണ് 35കാരിയായ ഭാര്യ ശിവകുമാരി ആശിർവാർ തിളച്ച എണ്ണ ഒഴിച്ചത്. മുഖത്ത് ഗുരുതര പൊള്ളലേറ്റ നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദമ്പതികൾ തമ്മിൽ ദിവസവും വഴക്ക് പതിവായിരുന്നു. ദിവസക്കൂലിക്കാരനായ അരവിന്ദ് ജോലിക്ക് ശേഷം ഏറെ വൈകി വീട്ടിലെത്തുന്നതിനെ ചൊല്ലിയായിരുന്നു സ്ഥിരം വഴക്ക്. കുറച്ചുദിവസം മുമ്പ് ഇരുവരും തമ്മിലുള്ള കലഹം മൂർച്ഛിച്ചതോടെ മറ്റു ബന്ധുക്കളെത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ രാത്രി വഴക്കിന് ശേഷം വെളുപ്പിന് അഞ്ചുമണിക്ക് തിളച്ച എണ്ണ ഉറങ്ങികിടന്ന അരവിന്ദിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. മുറിയിൽനിന്ന് അരവിന്ദിന്റെ കരച്ചിൽ കേട്ടതോടെ ബന്ധുക്കളെത്തി യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
അരവിന്ദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവകുമാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
English summary
Wife pours boiling oil on sleeping husband’s face following dispute over late arrival home after work