‘ആറാടിയ ചേട്ടൻ’ ശരിക്കും ആരാണ്?, ഇതാ സന്തോഷിന് പറയാനുള്ള കാര്യങ്ങള്‍
മോഹൻലാലിനെ കുറിച്ച് ഒരു പുസ്‍തകവും എഴുതിയ സന്തോഷ് താൻ മദ്യപിച്ചിട്ടില്ലെന്നും പറയുന്നു.

0

മോഹൻലാല്‍ നായകനായ ചിത്രം ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി’ന്റെ റിലീസ് ദിവസം പുറത്തുവന്ന ഒരു വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ‘ആറാട്ട്’ എന്ന ചിത്രത്തെ കുറിച്ച് ആവേശത്തോടെ ഒരാള്‍ തന്റെ അഭിപ്രായം പറയുന്നതിന്റെ വീഡിയോയായിരുന്നു അത്.  ‘ആറാട്ടി’നെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുന്ന ആളെ ഓഡിയൻസ് റെസ്‍പോണ്‍സ് വീഡിയോയില്‍ നിറഞ്ഞുകാണാമായിരുന്നു. മോഹൻലാല്‍ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ സന്തോഷ് വര്‍ക്കി എന്ന ആരാധകന്റെ ഇന്റര്‍വ്യുവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

എൻജിനീയര്‍ ആയ സന്തോഷ് വര്‍ക്കി ഇപ്പോള്‍ ഫിലോസഫിയില്‍ പിഎച്ച്‍ഡി ചെയ്യുകയാണെന്ന് അഭിമുഖത്തില്‍ പറയുന്നു. താൻ ജനിച്ച വര്‍ഷമാണ് മോഹൻലാല്‍ സൂപ്പര്‍സ്റ്റാര്‍ ആയതെന്ന് സന്തോഷ് പറയുന്നു. മോഹൻലാല്‍ നായകനാകുന്ന ചിത്രങ്ങളോട് പ്രത്യേക മമതയുണ്ടെങ്കിലും എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും സന്തോഷ് പറയുന്നു. മോഹൻലാലിനെ കുറിച്ച് താൻ ഒരു പുസ്‍കതം എഴുതിയതിനെ കുറിച്ചും സന്തോഷ് അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. മദ്യപാനമടക്കമുള്ള ദുശീലങ്ങള്‍ തനിക്കില്ല. ഞാൻ എന്റെ അഭിപ്രായം നിഷ്‍കളങ്കമായി പറഞ്ഞതാണ്.  രാഷ്‍ട്രീയ നിലപാടുകള്‍ കാരണമാണോ എന്നറിയില്ല ‘ഒടിയൻ’ മുതലിങ്ങോട്ട് ഹേറ്റ് ക്യാംപയിൻ നടക്കുന്നുണ്ടെന്നും സന്തോഷ് വര്‍ക്കി പറയുന്നു. ട്രോളുകളെ താൻ തമാശയായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

ഒരിടേവളയ്‍ക്ക് ശേഷം മോഹൻലാലിന്റെ മാസ് എന്റര്‍ടെയ്‍നര്‍ എന്നാണ് ‘ആറാട്ടി’നെ കുറിച്ചുള്ള അഭിപ്രായങ്ങള്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.  ഒരു കംപ്ലീഷ് മോഹൻലാല്‍ ഷോയാണ് ചിത്രം. ‘ആറാട്ട്’ വലിയ ഹിറ്റായി മാറുമെന്ന് തന്നെയാണ് ആദ്യ ദിവസം മുതലേയുള്ള റിപ്പോര്‍ട്ട്

ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്‍തത്. ലോകമാകമാനം 2700 സ്‍ക്രീനുകളിലാണ് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ റിലീസ് ചെയ്‍തത്. ആ ദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം പല മാര്‍ക്കറ്റുകളിലും ഷോ കൗണ്ട് വര്‍ധിപ്പിച്ചിട്ടുമുണ്ട് ചിത്രം. ഇത്തരത്തില്‍ പ്രദര്‍ശനം വര്‍ധിപ്പിച്ചിരിക്കുന്ന മാര്‍ക്കറ്റുകളില്‍ ജിസിസിയും ഉള്‍പ്പെടും. 

റിലീസിനുശേഷം പ്രേക്ഷകരുടെ അത്ഭുതപൂർവ്വമായ തിരക്കുകൊണ്ട് തീയറ്ററുകളും  സ്‍ക്രീനുകളും വര്‍ധിപ്പിച്ചിരിക്കുകയാണ് അവിടെ. ജിസിസിയില്‍ നിലവില്‍ 150 കേന്ദ്രങ്ങളിലായി 450 സ്‍ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ദിവസേന 1000 പ്രദര്‍ശനങ്ങളാണ് ജിസിസിയില്‍ മാത്രം ലഭിക്കുന്നത്. അവിടെ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഷോ കൗണ്ട് ആണിത്.

ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായിഎത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.

‘ആറാട്ട്’ എന്ന ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.  ‘ആറാട്ട്’ എന്ന സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്‍നര്‍ എന്നാണ് ആ സിനിമയെക്കുറിച്ച് നമ്മള് പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുന്ന ഒരു സിനിമ. ‘ആറാട്ട്’ എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്‍ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്‍ടപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്.

എ ആര്‍ റഹ്‍മാനോട് വളരെയധികം നന്ദി പറയുന്നു. കൊവിഡ് ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ ഇത് ഷൂട്ട് ചെയ്‍തത്. പക്ഷേ ഈശ്വരകൃപകൊണ്ട് എല്ലാം ഭം​ഗിയായി. ആ സിനിമ തിയറ്ററിലെത്തി. ഒരുപാട് സന്തോഷം. വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്‍ണന്‍ ചെയ്‍ത വളരെ വ്യത്യസ്‍തമായ ഒരു എന്‍റര്‍ടെയ്‍നര്‍ ആണിത്. ആറാട്ട് എല്ലാവര്‍ക്കും ഇഷ്‍ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം. സിനിമയുടെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്‍റെ നന്ദി. കൂടുതല്‍ നല്ല സിനിമകളുമായി വീണ്ടും വരുമെന്നുമായിരുന്നു മോഹൻലാല്‍ പറഞ്ഞത്.

Leave a Reply