കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചു കടന്ന മോഷ്ടാവ് മാലയുമായി കുടുംബത്തോടൊപ്പം എത്തി മാപ്പപേക്ഷിച്ചപ്പോൾ തിരിച്ചു പോകാൻ 500 രൂപ വണ്ടിക്കൂലി നൽകി വീട്ടമ്മ

0

മൂവാറ്റുപുഴ∙ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചു കടന്ന മോഷ്ടാവ് മാലയുമായി കുടുംബത്തോടൊപ്പം എത്തി മാപ്പപേക്ഷിച്ചപ്പോൾ തിരിച്ചു പോകാൻ 500 രൂപ വണ്ടിക്കൂലി നൽകി വീട്ടമ്മ. രണ്ടാർ പുനത്തിൽ മാധവിയുടെ വീട്ടിലാണ് മാല മോഷ്ടിച്ചു കടന്ന ഉടുമ്പന്നൂർ കണിയാപറമ്പിൽ വിഷ്ണുപ്രസാദ് (29) ഭാര്യയെയും 2 കുഞ്ഞുങ്ങളെയും കൂട്ടി എത്തി മാല തിരികെ നൽകിയത്.

‘‘കുഞ്ഞുങ്ങൾക്കു മരുന്നു വാങ്ങാൻ മറ്റൊരു മാർഗവും കാണാത്തതിനാലാണ് ചേട്ടൻ ഇങ്ങനെയൊരു കടുംകൈ ചെയ്തത്. ചേച്ചി ക്ഷമിക്കണം’’ എന്നു പറഞ്ഞു ഭർത്താവ് മോഷ്ടിച്ച മാല തിരികെ നൽകിയത് ഭാര്യയായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയ മുഖം കൂടി കണ്ടതോടെ മാധവിക്ക് കുടുംബത്തോട് അനുകമ്പയായി. കുട്ടികൾക്കു ഭക്ഷണം കഴിക്കാനും തിരികെ പോകാനും മറ്റുമായി 500 രൂപ മാധവി നൽകി.

എന്നാൽ പൊലീസിനെ അറിയിക്കാതിരിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി ബന്ധുക്കളും സമീപവാസികളും രംഗത്തു വന്നു. എങ്കിലും വിഷ്ണുപ്രസാദിന്റെ ഭാര്യയെയും കുട്ടികളെയും സുരക്ഷിതമായി വീട്ടിൽ എത്തിക്കാൻ വാഹനം അവർ ഏർപ്പാടാക്കി. പിന്നാലെ പൊലീസ് എത്തി വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

രണ്ടാർകരയിൽ വീടിനോടു ചേർന്നു പലചരക്കു കട നടത്തുകയായിരുന്ന മാധവിയുടെ കടയിൽ ജനുവരി 29നു വൈകിട്ട് അഞ്ചോടെയാണ് സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വിഷ്ണുപ്രസാദ് എത്തിയത്. മാധവിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത ഇയാൾ ബൈക്കിൽ കടന്നു കളയാൻ ശ്രമിച്ചു. മാധവി ഇതു തടയാൻ ശ്രമിച്ചു. ബലപ്രയോഗത്തിനിടെ താഴെ വീണ മൊബൈൽ ഫോൺ ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു.

മൊബൈൽ ഫോണിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാവ് വിഷ്ണു പ്രസാദ് ആണെന്നു പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ മോഷണം നടന്ന അന്നു തന്നെ കുടുംബസമേതം തീർഥയാത്രയ്ക്ക് എന്ന വ്യാജേന തമിഴ്നാട്ടിലേക്കു കടന്നു. ഇയാളെ അന്വേഷിച്ച് പൊലീസ് ഉടുമ്പന്നൂരിലുള്ള വീട്ടിലും ഭാര്യയുടെ വാഗമണ്ണിലുള്ള വീട്ടിലും എത്തി. പിടിക്കപ്പെടും എന്നുറപ്പായതോടെയാകാം ഇയാൾ മാലയുമായി മാധവിയെ തേടി എത്തിയതെന്നു കരുതുന്നു.

Leave a Reply