വൈദ്യുതി ബോര്‍ഡ്‌ നിരക്കുവര്‍ധന പരസ്യമായി പ്രഖ്യാപിച്ചു ജനങ്ങളെ പിഴിയുമ്പോള്‍, മന്ത്രിയുടെ നിര്‍ദേശം പോലും കാറ്റില്‍പറത്തി രഹസ്യമായി ഉപയോക്‌താക്കളെ കൊള്ളയടിച്ച്‌ ജല അതോറിറ്റി

0

വൈദ്യുതി ബോര്‍ഡ്‌ നിരക്കുവര്‍ധന പരസ്യമായി പ്രഖ്യാപിച്ചു ജനങ്ങളെ പിഴിയുമ്പോള്‍, മന്ത്രിയുടെ നിര്‍ദേശം പോലും കാറ്റില്‍പറത്തി രഹസ്യമായി ഉപയോക്‌താക്കളെ കൊള്ളയടിച്ച്‌ ജല അതോറിറ്റി. ഉപയോഗിച്ച വെള്ളത്തിന്റെ കണക്കുപോലും അറിയാന്‍ അവകാശമില്ലാതെയാണ്‌ അതോറിറ്റി പൊതുജനത്തെ പിഴിയുന്നത്‌.
ശക്‌തമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ സ്‌പോര്‍ട്ട്‌ ബില്ലിങ്‌ പുനരാരംഭിക്കാന്‍ രണ്ടുമാസം മുമ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ നിര്‍ദേശം നല്‍കിയിട്ടും അതിനെ ആധാരമാക്കി ഉത്തരവിറക്കിയിട്ടും അതോറിറ്റിക്ക്‌ കേട്ട മട്ടില്ല.
ജല അതോറിറ്റി അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഉപയോഗിക്കുന്നതിന്റെ ഇരട്ടി ബില്ല്‌ ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ സ്‌പോട്ട്‌ ബില്ലിങ്‌ പുനഃസ്‌ഥാപിക്കാന്‍ മന്ത്രി റോഷി അഗസ്‌റ്റിന്‍ കഴിഞ്ഞ ഏപ്രിലില്‍ തന്നെ നിര്‍ദേശം നല്‍കിയത്‌. അതിന്റെ അടിസ്‌ഥാനത്തില്‍ ജല അതോറിറ്റി ഉത്തരവും ഇറക്കി. എന്നാല്‍ മാസം രണ്ടു കഴിഞ്ഞിട്ടും നടപ്പാക്കാന്‍ അതോറിറ്റി തയാറായിട്ടില്ല.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ തന്നെ വെള്ളക്കരം വര്‍ധിപ്പിക്കണമെന്നആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അനുവദിച്ചില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വെള്ളക്കരം വര്‍ധന എന്ന ആവശ്യം വീണ്ടും ഉയരും.
ജല അതോറിറ്റി വെള്ളക്കരം ഈടാക്കുന്നത്‌ രണ്ടുമാസത്തിലൊരിക്കലാണ്‌. ജലഅതോറിറ്റി ജീവനക്കാര്‍ വീട്ടില്‍ വന്ന്‌ മീറ്റര്‍ റീഡിങ്‌ എടുത്ത്‌ ബില്‍ ഉപഭോക്‌താക്കള്‍ക്ക്‌ നല്‍കിയിട്ടുപോകുന്ന രീതിയാണ്‌ നിലനിന്നിരുന്നത്‌. എന്നാല്‍ ഈ വര്‍ഷം ആദ്യം മുതല്‍ അതിന്‌ മാറ്റം വരുത്തി. പകരം എസ്‌.എം.എസ്‌ വഴി ബില്ല്‌ അറിയിക്കുമെന്നായിരുന്നു നിര്‍ദേശം. തുടര്‍ന്ന്‌ റീഡിങ്‌ എടുക്കുമെങ്കിലും ബില്‍ രജിസ്‌റ്റര്‍ ചെയ്‌ത മൊബൈല്‍ ഫോണില്‍ മെസേജായാണ്‌ ലഭിച്ചിരുന്നത്‌. ഇതിനെതിരേ വ്യാപകമായ പരാതിയാണ്‌ ഉയര്‍ന്നത്‌.
സന്ദേശം വഴി ബില്‍ ലഭിച്ചുതുടങ്ങിയതോടെ മുന്‍ മാസങ്ങളെ അപേക്ഷിച്ച്‌ ബില്‍ തുക ഇരട്ടിയായതായിരുന്നു ഒരു പരാതി. പലര്‍ക്കും നേരത്തെ ലഭിച്ചിരുന്നതിന്റെ നേരെ ഇരട്ടിയാണ്‌ ബില്‍ തുകയായി ലഭിച്ചത്‌. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജല അതോറിറ്റിക്ക്‌ വെള്ളക്കരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതുകൊണ്ട്‌ പണം കണ്ടെത്താന്‍ സ്വീകരിച്ച കുറുക്കുവഴിയാണ്‌ ഇതെന്ന ആരോപണം ശക്‌തമായിരുന്നു.
പലര്‍ക്കും സമയത്തിന്‌ എസ്‌.എം.എസ്‌ ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ടായിരുന്നു. കുടിവെള്ള കണക്ഷന്‍ വിച്‌ഛേദിക്കാന്‍ ജീവനക്കാര്‍ എത്തുമ്പോഴാണ്‌ പലരും ബില്ലിനെക്കുറിച്ച്‌ അറിയുന്നതുതന്നെ. ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ സ്‌പോട്ട്‌ ബില്ലിങ്‌ പുനഃസ്‌ഥാപിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്‌. തുടര്‍ന്ന്‌ ജല അതോറിറ്റി എം.ഡി:എസ്‌. വെങ്കടേസപതി ഇതുസംബന്ധിച്ച്‌ ഏപ്രില്‍ മാസത്തില്‍ തന്നെ ഉത്തരവുമിറക്കി.
എന്നാല്‍ നിര്‍ദേശം നടപ്പാക്കാതിരിക്കാന്‍ തൊടുന്യായമാണ്‌ ജല അതോറിറ്റി നിരത്തുന്നത്‌. ആറുമാസമായി ഉപയോഗിക്കാത്തതുകൊണ്ട്‌ ബില്ലിങ്‌ യന്ത്രങ്ങളൊക്കെ കേടായെന്നാണ്‌ ഇപ്പോള്‍ അതോറിറ്റി നല്‍കുന്ന വിശദീകരണം. ഇനി അതൊക്കെ നന്നാക്കിയെടുത്തശേഷം മാത്രമേ സ്‌പോട്ട്‌ ബില്ലിങ്‌ പുനഃസ്‌ഥാപിക്കാനാകൂവെന്നും അവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here